IndiaLatest

ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി വിപണിയായി നെതര്‍ലന്‍ഡ്സ്

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി വിപണിയായി ഉയര്‍ന്ന് നെതര്‍ലന്‍ഡ്സ്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍, ഓഗസ്റ്റ് വരെ, ഇന്ത്യ 7.5 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ നെതര്‍ലന്‍ഡ്സിലേക്ക് കയറ്റുമതി ചെയ്തു. കയറ്റുമതിയില്‍ 106 ശതമാനം വര്‍ദ്ധനവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം നെതര്‍ലന്‍ഡ്സ് കയറ്റുമതിയില്‍ അഞ്ചാം സ്ഥാനത്തായിരുന്നു. നെതര്‍ലന്‍ഡ്സ് ചൈനയെയും ബംഗ്ലാദേശിനെയും മറികടന്നാണ് മൂന്നാമതെത്തിയത്.

ഇന്ത്യയില്‍ നിന്ന് നെതര്‍ലന്‍ഡ്സിലേക്കുള്ള എണ്ണ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 238 ശതമാനം വര്‍ദ്ധിച്ചു. രാസവസ്തുക്കളും മരുന്നുകളുമാണ് മറ്റ് പ്രധാന കയറ്റുമതികള്‍. കഴിഞ്ഞ വര്‍ഷം 21-ാം സ്ഥാനത്തായിരുന്ന ബ്രസീല്‍ ഇപ്പോള്‍ ഇന്ത്യയുടെ എട്ടാമത്തെ വലിയ കയറ്റുമതി വിപണിയാണ്. ബ്രസീലിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 4.66 ബില്യണ്‍ ഡോളറാണ്. ബ്രസീലിലേക്കുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതി 299 ശതമാനമാണ് ഉയര്‍ന്നത്. രാസവസ്തുക്കളുടെയും ഓട്ടോമൊബൈല്‍ ഓട്ടോ ഭാഗങ്ങളുടെയും കയറ്റുമതിയും വര്‍ദ്ധിച്ചു.

വിദേശനാണ്യ വിനിമയ പ്രതിസന്ധിയെ തുടര്‍ന്ന് ബംഗ്ലാദേശ് ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സീറോകോവിഡ് നയമാണ് ചൈനയിലേക്കുള്ള ഇറക്കുമതി ഇടിയാന്‍ കാരണം. അതേസമയം ഇന്തോനേഷ്യ 14-ാം സ്ഥാനത്തുനിന്ന് ഏഴാം സ്ഥാനത്തേക്ക് (4.83 ബില്യണ്‍ ഡോളര്‍) കുതിച്ചുയര്‍ന്നു. സാമ്പത്തിക പ്രതിസന്ധി കാരണം ഡിമാന്‍ഡ് കുറഞ്ഞ സാഹചര്യത്തില്‍ നെതര്‍ലന്‍ഡ്സിന് പുറമെ യുകെ മാത്രമാണ് യൂറോപ്പില്‍ നിന്ന് ആദ്യ പത്തില്‍ ഇടം പിടിച്ചിരിക്കുന്നത്. യുകെ ഒന്‍പതാം സ്ഥാനത്താണ് (4.53 ബില്യണ്‍ ഡോളര്‍). കഴിഞ്ഞ തവണ പട്ടികയില്‍ ഉണ്ടായിരുന്ന ബെല്‍ജിയത്തിന് ഇത്തവണ ആദ്യ പത്തില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല.

Related Articles

Back to top button