KeralaLatestMalappuram

കണ്‍സഷന്‍ മാനദണ്ഡങ്ങളില്‍ ഗ്രാമവണ്ടിക്ക് ഇളവ്

“Manju”

തിരുവനന്തപുരം : വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ അനുവദിക്കുന്നതിലെ മാനദണ്ഡങ്ങളില്‍ ഗ്രാമവണ്ടിക്ക് ഇളവ് നല്‍കുന്നതിനുള്ള ഉത്തരവ് ഉടനുണ്ടാവുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.
ഗ്രാമവണ്ടിയുടെ സര്‍വീസ് ലാഭകരമാക്കി നിലനിര്‍ത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പരസ്യ വരുമാനത്തെ ആശ്രയിക്കാമെന്നും താത്പര്യമുള്ള വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വണ്ടിയുടെ ഇന്ധന തുക തദ്ദേശ സ്ഥാപനങ്ങളിലൂടെ സ്പോണ്‍സര്‍ ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പൊതു ഗതാഗത സൗകര്യങ്ങള്‍ എല്ലാ ജനങ്ങളിലും എത്തിക്കുന്നതിനായാണ് ഗ്രാമവണ്ടി സര്‍വീസ് പോലുള്ള നൂതന ആശയങ്ങള്‍ നടപ്പാക്കുന്നത്. ഇത്തരത്തില്‍ ഗ്രാമവണ്ടി കെ.എസ്.ആര്‍.ടി.സിയുടെ മുഖമുദ്രയാവും. സാധാരണക്കാരുടെയും ഗ്രാമപ്രദേശങ്ങളിലുള്ളവരുടെയും യാത്രാ ക്ലേശം പരിഹരിക്കുന്നതിന് ഈ പദ്ധതിക്ക് കഴിയും. ഓരോ നാട്ടിലെയും പൊതു ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് അവിടുത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മുന്‍ കൈ എടുക്കണമെന്നും മന്ത്രി ചടങ്ങില്‍ ആവശ്യപ്പെട്ടു. പി.കെ ബഷീര്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പൊതു​ഗതാ​ഗത സൗകര്യം കുറവുള്ള സ്ഥലങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന മേഖലകളിലേക്കും പൊതു ​ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് ആരംഭിച്ച പ്രത്യേക കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസാണ് ​’ഗ്രാമവണ്ടി.’ മലപ്പുറം ജില്ലയില്‍ ഗ്രാമവണ്ടി ഓടി തുടങ്ങുന്ന ഏക പഞ്ചായത്താണ് എടവണ്ണ. എടവണ്ണ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലൂടെ കെ.എസ്.ആര്‍.ടി.സിയുടെ ഗ്രാമ വണ്ടി ഒക്ടോബര്‍ 21 മുതല്‍ ഓടിത്തുടങ്ങി.
ഈ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് ഡീസലോ അതിന് ആവശ്യമായ തുകയോ തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കും. ​ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസം, പാര്‍ക്കിംങ് സുരക്ഷ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് വഹിക്കുക. വാഹനം, ജീവനക്കാരുടെ ശമ്ബളം, മെയിന്റനന്‍സ്, സ്പെയര്‍ പാര്‍ട്സുകള്‍, ഇന്‍ഷുറന്‍സ് എന്നിവയുടെ ചെലവ് കെഎസ്‌ആര്‍ടിസി വഹിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുറമെ, സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ​ഗ്രാമവണ്ടി ബസുകള്‍ സ്പോണ്‍സര്‍ ചെയ്യാനാകും.

Related Articles

Back to top button