IndiaLatest

മാറ്റത്തിനൊരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് ടീം

“Manju”

മുംബൈ: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ ഞെട്ടിക്കുന്ന സെമിഫൈനല്‍ തോല്‍വിക്കു പിന്നാലെ മുഖം മിനുക്കുന്നതിനുള്ള വഴിയാലോചിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ.). ഇംഗ്ലണ്ടിനോടേറ്റ 10 വിക്കറ്റ് തോല്‍വി ഇന്ത്യന്‍ ക്രിക്കറ്റിന് ഏല്‍പ്പിച്ച ആഘാതം ചെറുതല്ല. അടുത്തകാലത്തൊന്നും അതില്‍നിന്ന് മോചനവുമില്ല.

കഴിഞ്ഞവര്‍ഷത്തെ ലോകകപ്പിനുശേഷം വിരാട് കോലിക്ക് ക്യാപ്റ്റന്‍സി ഉപേക്ഷിക്കേണ്ടിവന്നതിന് പ്രധാന കാരണം ലോകകിരീടങ്ങള്‍ നേടാനാവാത്തതാണ്. അതിനു പരിഹാരമായാണ് കോലിയേക്കാള്‍ ഒരു വയസ്സ് കൂടുതലുള്ള രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കിയത്. ഐ.പി.എലില്‍ മുംബൈ ഇന്ത്യന്‍സിന് അഞ്ച് കിരീടങ്ങള്‍ നേടിക്കൊടുത്ത രോഹിതിന് ഇന്ത്യയുടെ കിരീടവരള്‍ച്ച അവസാനിപ്പിക്കാനാവും എന്ന് ക്രിക്കറ്റ് ബോര്‍ഡ് കരുതി. അടുത്തവര്‍ഷത്തെ ഏകദിന ലോകകപ്പാണ് ഇനി രോഹിതിന് മുന്നിലുള്ളത്.

രോഹിതും കോലിയും ട്വന്റി 20-യില്‍നിന്ന് വിരമിക്കണമെന്നാണ് ബി.സി.സി.ഐ.യുടെ അഭിപ്രായമെന്ന് ഒരു ഭാരവാഹി വാര്‍ത്താ ഏജന്‍സിയോട് വെളിപ്പെടുത്തി. അക്കാര്യത്തില്‍ സീനിയര്‍ താരങ്ങള്‍തന്നെ തീരുമാനമെടുക്കണം. ദിനേഷ് കാര്‍ത്തിക്കും ആര്‍. അശ്വിനും തങ്ങളുടെ അവസാന ട്വന്റി 20-യും കളിച്ചു എന്നുവേണം കരുതാന്‍. കാര്‍ത്തിക്കിന് ലോകകപ്പിനുള്ള ഫിനിഷര്‍ ആയാണ് തിരഞ്ഞെടുത്തത്. അതില്‍ അദ്ദേഹം പരാജയപ്പെട്ട സ്ഥിതിക്ക് ഇനിയൊരു അവസരമുണ്ടായേക്കില്ല.

ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള പുതിയ ട്വന്റി 20 ടീമാകും ഇനി വരുക. ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവര്‍ ടോപ് ഓര്‍ഡറിലെത്തും. മലയാളി താരം സഞ്ജു സാംസണും സാധ്യതയുണ്ട്. സഞ്ജുവിനെ ടീമിലെത്തിക്കണമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ മുറവിളിയുണ്ട്. രണ്ടുവര്‍ഷം കഴിഞ്ഞേയുള്ളൂ ഇനി ട്വന്റി 20 ലോകകപ്പ്. അന്ന് 37 വയസ്സാകുന്ന രോഹിത് ക്യാപ്റ്റനാകാനോ ടീമിലുണ്ടാകാനോ സാധ്യതയില്ല. കെ.എല്‍. രാഹുലിന്റെ കാര്യം എന്താകുമെന്ന് നിശ്ചയമില്ല. ലോകകപ്പിലെ സ്ട്രൈക്ക് റേറ്റ് 120.75 ആണ്. രണ്ട് അര്‍ധസെഞ്ചുറികള്‍ നേടിയെങ്കിലും വന്‍ ടീമുകള്‍ക്കെതിരേ പരാജയപ്പെട്ടു. പാകിസ്താനെതിരേ നാലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഒമ്പതും ഇംഗ്ലണ്ടിനെതിരേ അഞ്ചും റണ്‍സാണെടുത്തത്. എന്നാല്‍, മുതിര്‍ന്ന താരങ്ങളുടെ കാര്യത്തില്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടതില്ലെന്നാണ് കോച്ച് രാഹുല്‍ ദ്രാവിഡിന്റെ അഭിപ്രായം. അവര്‍ കളി തുടരട്ടെ എന്നാണ് അദ്ദേഹം പറയുന്നത്.

അടുത്തവര്‍ഷം ഏകദിന ലോകകപ്പായതിനാല്‍ ട്വന്റി 20-കള്‍ അധികമില്ല. ലോകകപ്പിനുമുമ്പ് 12 ട്വന്റി 20-കളേ ഇന്ത്യ കളിക്കുന്നുള്ളൂ. അതേസമയം, 25 ഏകദിനങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.

Related Articles

Back to top button