IndiaLatest

ഏറ്റവും വലിയ ഐഫോണ്‍ നിര്‍മ്മാണ യൂണിറ്റ് ഹൊസൂരില്‍

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മ്മാണ യൂണിറ്റ് ബംഗലൂരുവിലെ ഹൊസൂരില്‍ സജ്ജമാകുന്നതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. ലോകത്തിലെ പ്രമുഖ ബ്രാന്‍ഡുകള്‍ എല്ലാം ചൈനയെ കൈയ്യൊഴിയുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മ്മാതാക്കളാകാന്‍ രാജ്യം സജ്ജമാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഐഫോണ്‍ നിര്‍മ്മാണം നാല് മടങ്ങായി വര്‍ദ്ധിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ആപ്പിള്‍ ഐഫോണ്‍ വിതരണക്കാരായ ഫോക്സ്കോണ്‍ വ്യക്തമാക്കിയിരുന്നു. ബംഗലൂരുവിലെ ഐഫോണ്‍ നിര്‍മ്മാണ യൂണിറ്റില്‍ അറുപതിനായിരം പേര്‍ക്കാണ് തൊഴില്‍ നല്‍കുന്നത്. റാഞ്ചിയിലെയും ഹസാരിബാഗിലെയും ആറായിരത്തോളം വരുന്ന വനവാസി സ്ത്രീകള്‍ക്ക് ഐഫോണ്‍ നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കിയിരുന്നു. അവര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കുമെന്നും കേന്ദ്ര ഐടി- ടെലികോം വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

ഫോക്സ്കോണ്‍, വിസ്ട്രോണ്‍, പെഗാട്രോണ്‍ എന്നീ ഇലക്‌ട്രോണിക്സ് ഭീമന്മാരാണ് ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മിക്കുന്നത്. ഹൊസൂരിലെ ടാറ്റ ഇലക്‌ട്രോണിക്സ് പ്ലാന്റാണ് ഐഫോണിന്റെ ലോകത്തിലെ ഏറ്റവും വലിയ നിര്‍മ്മാണ യൂണിറ്റായി മാറാന്‍ തയ്യാറെടുക്കുന്നത്. കൊറോണ വ്യാപനത്തെ തുടര്‍ന്നാണ് ചൈനയില്‍ നിന്നും ഐഫോണ്‍ നിര്‍മ്മാണം ഇന്ത്യയിലേക്ക് മാറ്റാന്‍ ആപ്പിള്‍ തീരുമാനിച്ചത്.
അടുത്ത രണ്ട് വര്‍ഷത്തിനിടെ എഴുപതിനായിരം ഇന്ത്യക്കാര്‍ക്കാണ് ഫോക്സ്കോണ്‍ മാത്രം ഐഫോണ്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി തൊഴില്‍ നല്‍കുന്നത്. തമിഴ്നാട്ടിലെ പ്ലാന്റില്‍ പെഗാട്രോണ്‍ ഐഫോണ്‍ 14ന്റെ നിര്‍മ്മാണം തുടരുകയാണ്.

Related Articles

Back to top button