KeralaLatest

മഹാരാഷ്ട്രയില്‍ നിന്നെത്തിയ യുവാവിന് കൊവിഡ്

“Manju”

 

ചെറുവത്തൂര്‍: കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ച ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ പൊന്മാലം ഒമ്പതാം വാര്‍ഡും പടന്ന പഞ്ചായത്തിലെ കിനാത്തില്‍ ഏഴാം വാര്‍ഡും അധികൃതര്‍ അടച്ചുപൂട്ടി. ചെറുവത്തൂര്‍ കുട്ടമത്ത് പൊന്മാലം മഹാരാഷ്ട്രയില്‍ നിന്ന് കാറില്‍ എത്തിയ യുവാവിനാണ്‌ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ നിന്ന് ബസില്‍ എത്തിയ 60 കാരന് രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് കിനാത്തില്‍ ഹോട്സ്പോട്ട് ആയത്. യുവാവിനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയതിന് ശേഷം പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറയുടെ നേതൃത്വത്തില്‍ ചന്തേര പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ആണ് വാര്‍ഡിന്റെ അതിര്‍ത്തികള്‍ അടച്ചു പൂട്ടിയത്.

ചെറുവത്തൂര്‍ ടൗണില്‍ ദേശീയ പാതക്ക് കിഴക്ക് ഭാഗം ഹോട്ട്സ്പോട്ടില്‍ ഉള്‍പ്പെടും. കയ്യൂര്‍ റോഡിലൂടെയുള്ള വാഹന ഗതാഗതവും അനുവദിക്കില്ല. സാമൂഹ്യ അകലം പാലിക്കാനും മാസ്ക് ധരിക്കാനും ആളുകള്‍ പുറത്തിറങ്ങാതെ സഹകരിക്കണമെന്നും ഈ ഭാഗത്ത് പൊലീസും ആരോഗ്യ വകുപ്പും മൈക്ക് പ്രചാരണവും നടത്തി. അതിനിടെ യുവാവ് നിരീക്ഷണത്തില്‍ കഴിയവെ പുറത്തിറങ്ങി എന്ന പ്രചരണം ശരിയല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ പറഞ്ഞു. ആശുപത്രിയില്‍ പോകുന്ന യുവാവിനെ ആശ്വസിപ്പിച്ചാണ് പറഞ്ഞയച്ചതെന്നും അദ്ദേഹം പറഞ്ഞു. പടന്നയില്‍ കിനാത്തില്‍ ജംഗ്‌ഷന്‍ മുതല്‍ തൊട്ടുകര വരെയുളള ഭാഗമാണ് അടച്ചു പൂട്ടിയത്. അതിനിടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നാല് നഴ്‌സുമാര്‍ നിരീക്ഷണത്തില്‍ പോയതായി ഡി.എം.ഒ പറഞ്ഞു. വനിതാ ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്

Related Articles

Back to top button