Uncategorized

‘അറ്റ് ലാന്‍റിസ് ദി റോയല്‍’ തുറന്നു

“Manju”

 

ദുബൈ: നഗരത്തിലെ ഏറ്റവും പുതിയ ലാന്‍ഡ്മാര്‍ക്കായ അറ്റ്ലാന്‍റിസ് ദി റോയല്‍യു..ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സന്ദര്‍ശിച്ചു.

പാം ജുമൈറ ദ്വീപിലെ ആഡംബര റിസോര്‍ട്ട് ശനിയാഴ്ച രാത്രി തുറക്കുന്നതിന് മുന്നോടിയായാണ് സന്ദര്‍ശനം നടത്തിയത്. ടൂറിസം രംഗത്തേക്ക് പുതുതായി ചേര്‍ക്കുന്ന വാസ്തുവിദ്യ മാസ്റ്റര്‍പീസാണ് ഹോട്ടലെന്ന് അദ്ദേഹം പിന്നീട് ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു. 40 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍, ഉയര്‍ന്ന പാലം വഴി ബന്ധിപ്പിച്ചിരിക്കുന്ന ആറ് ടവറുകളാണ് കെട്ടിടം.

വാട്ടര്‍ഫ്രണ്ടുകളും മനോഹര പൂന്തോട്ടങ്ങളും മറ്റു സൗകര്യങ്ങളുമുള്ള കെട്ടിടത്തിന് 178 മീറ്റര്‍ ഉയരമാണുള്ളത്. എമിറേറ്റിന്‍റെ നേട്ടങ്ങളില്‍ അതിയായ അഭിമാനമുണ്ടെന്നും സന്ദര്‍ശകരെ അതിശയകരമായ സൗകര്യങ്ങളോടെ സ്വാഗതം ചെയ്ത് സമ്ബദ്‌വ്യവസ്ഥ വികസിപ്പിക്കുന്നത് തുടരുമെന്നും ശൈഖ് മുഹമ്മദ് ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. അന്താരാഷ്‌ട്ര വിനോദസഞ്ചാരികള്‍ക്ക് ലോകത്തിലെ ഏറ്റവും ജനപ്രിയമായ കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്‍റെ പദവി ശക്തിപ്പെടുത്തുന്നതിന് സ്വകാര്യ മേഖലയുമായി ആഴത്തിലുള്ള പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ യു..ഇയും ദുബൈയും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാം ജുമൈറയുടെ പുറം ഭാഗത്തെ ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ദ്വീപിലാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്.

ശൈഖ് മുഹമ്മദ് ഹോട്ടലിന്‍റെ അകവും പുറവും സന്ദര്‍ശിക്കുകയും സൗകര്യങ്ങള്‍ വീക്ഷിക്കുകയും ചെയ്തു. ലോകത്തിലെ പ്രമുഖ ഡിസൈനര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍, ആര്‍ട്ടിസ്റ്റുകള്‍ എന്നിവര്‍ ചേര്‍ന്നാണ് അറ്റ്ലാന്‍റിസ് ദി റോയല്‍രൂപകല്‍പന ചെയ്തത്. 795 മുറികളുള്ള ഹോട്ടലില്‍ 90 നീന്തല്‍ക്കുളങ്ങളും 17 റസ്റ്റാറന്‍റുകളുമുണ്ട്. റസ്റ്റാറന്‍റുകളില്‍ എട്ടെണ്ണം ലോകോത്തര സെലിബ്രിറ്റി ഷെഫുകളുടേതാണ്. ലോകത്തിലെ ഏറ്റവും വലിയ ജെല്ലിഫിഷ് അക്വേറിയവും വാട്ടര്‍ ഫൗണ്ടനും ഇതിലുണ്ട്. മനോഹരമായ ജലസംവിധാനങ്ങള്‍, ശില്‍പങ്ങള്‍, വര്‍ണ പാലറ്റുകള്‍ എന്നിവ ഉപയോഗിച്ച്‌ ജലം അമൂല്യമാണെന്ന സന്ദേശം കൂടി ഹോട്ടല്‍ പങ്കുവെക്കുന്നുണ്ട്.

Related Articles

Back to top button