കേരളത്തിലെ പൈപ്പിടൽ മാർച്ച് 10ന് പൂർത്തിയാകും

കൊച്ചി—സേലം എല്‍പിജി പൈപ്പ്‌ലൈന്‍ പദ്ധതിയുടെ കേരളത്തിലെ പൈപ്പിടല്‍ മാര്‍ച്ച് 10ന് പൂര്‍ത്തിയാകും. ഐഒസി—ബിപിസിഎല്‍ സംയുക്ത പദ്ധതിയില്‍ ആകെയുള്ള 420 കിലോമീറ്റര്‍ പൈപ്പ്‌ലൈനില്‍ 210 കിലോമീറ്റര്‍ കേരളത്തിലൂടെയാണ്. കേരളറീച്ചില്‍ ഇനി പൈപ്പിടാനുള്ളത് 4.5 കിലോമീറ്റര്‍മാത്രം. പുതുവൈപ്പ്—റിഫൈനറി സെക്‌ഷനില്‍ രണ്ടു കിലോമീറ്ററും റിഫൈനറി–പാലക്കാട് സെക്‌ഷനില്‍ 2.5 കിലോമീറ്ററുമാണ് പൈപ്പിടാനുള്ളത്.
സുരക്ഷാപരിശോധനയായ ഹൈഡ്രോ ടെസ്‌റ്റിങ് പൂര്‍ത്തിയാക്കി പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്‌റ്റി ഓര്‍ഗനൈസേഷന്‍ അനുമതി നല്‍കിയാല്‍ ഉടന്‍ പദ്ധതി കമീഷന്‍ ചെയ്യും. നിലവില്‍ 136 കിലോമീറ്റര്‍ ഹൈഡ്രോ ടെസ്‌റ്റിങ് പൂര്‍ത്തിയായി. 2019ല്‍ ആരംഭിച്ച പദ്ധതിക്കായി സ്ഥലം നല്‍കിയവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉത്തരവിറക്കിയതും സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ പുരോഗമിച്ചതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലിലൂടെയാണ്. ഭൂഗര്‍ഭ പൈപ്പുവഴി അമ്പലമുകള്‍ ബിപിസിഎല്‍ കൊച്ചി റിഫൈനറി, പുതുവൈപ്പ് ഇന്ത്യന്‍ ഓയില്‍ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനല്‍ എന്നിവിടങ്ങളില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് എല്‍പിജി എത്തിക്കുന്ന പദ്ധതിയാണിത്. 1506 കോടി രൂപ ചെലവുള്ള പദ്ധതിയിൽ പാലക്കാട് ബിപിസിഎൽ വഴിയാണ് തമിഴ്‌നാട്ടിലേക്ക് എൽപിജി എത്തിക്കുക. കേരളറീച്ച് പൂർത്തിയാകുന്നതോടെ പാലക്കാടുവരെ പൈപ്പ്‌ലൈനിലൂടെ എൽപിജി എത്തും.
കൊച്ചി റിഫൈനറിമുതൽ ഉദയംപേരൂർ ഐഒസിവരെ 12 കിലോമീറ്റർ പൈപ്പ്‌ലൈൻ കമീഷൻ ചെയ്‌തിരുന്നു. വാളയാർമുതൽ സേലംവരെ പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിന് തമിഴ്‌നാട് സർക്കാരിന്റെ സർവേ പൂർത്തിയായി. ജൂണിൽ പൈപ്പിടൽ ആരംഭിക്കും. 2025ൽ പദ്ധതി പൂർണമായി കമീഷൻ ചെയ്യാനാകും. പദ്ധതി പ്രാവർത്തികമാകുന്നതോടെ കൊച്ചിയിൽനിന്ന് തമിഴ്‌നാട്ടിലേക്ക് ടാങ്കർലോറികളിലല്ലാതെ എൽപിജി എത്തിക്കാനാകും. പാചക വാതകനീക്കം സുഗമവും സുരക്ഷിതവുമാകും. അന്തരീക്ഷ മലിനീകരണവും കുറയും. എറണാകുളം നഗരത്തിലൂടെയും കുതിരാനിലൂടെയും ദിവസേന സർവീസ് നടത്തുന്ന 150ലേറെ ബുള്ളറ്റ് ടാങ്കറുകളെ നിരത്തുകളിൽനിന്ന് ഒഴിവാക്കാനുമാകും.