KeralaLatest

പെണ്‍കരുത്തില്‍ ഉയര്‍ന്നു 
6 സ്വപ്‌നഭവനങ്ങള്‍

“Manju”

ഇരിട്ടി: കുടുംബശ്രീ കരുത്തില്‍ ആറളം ഫാം ആദിവാസി മേഖലയിലെ ആറ് കുടുംബങ്ങള്‍ക്ക് പുതിയ വീടുകളായി. ഫാം ഒമ്പതാം ബ്ലോക്കിലെ കുടുംബങ്ങള്‍ക്കാണ് പുതിയ വീടുകള്‍. വീടുകളുടെ താക്കോല്‍ തിങ്കള്‍ പകല്‍ മൂന്നിന് വി ശിവദാസന്‍ എംപി കുടുംബങ്ങള്‍ക്ക് കൈമാറും.

560 ചതുരശ്ര അടി വിസ്തൃതിയിലാണ് ഓരോ വീടും നിര്‍മിച്ചത്. ജില്ലാ കുടുംബശ്രീ മിഷന്‍ സഹായത്തോടെ രൂപീകരിച്ച ആറളം പഞ്ചായത്ത് സിഡിഎസിന് കീഴിലെ സ്ത്രീകളുടെ നിര്‍മാണ കൂട്ടായ്മയായ മേസണ്‍ ഗ്രൂപ്പിനായിരുന്നു നിര്‍മാണച്ചുമതല. രണ്ട് മാസംകൊണ്ടാണ് മികച്ച രൂപഭംഗിയും ഈടും ഉറപ്പുമുള്ള വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായത്. ഐഡിഡിപിയാണ് വീട് നിര്‍മാണത്തിനുള്ള ഫണ്ട് ആറളം ടിആര്‍ഡിഎം മുഖേന ഗുണഭേക്താക്കള്‍ക്ക് നല്‍കിയത്. തറ നിര്‍മാണം തൊട്ടുള്ള പ്രവൃത്തികള്‍ സ്ത്രീകളുടെ സംഘം ഏറ്റെടുത്തു.

നേരത്തെ കുടുംബശ്രീ നിര്‍മാണ കൂട്ടായ്മയായ മേസണ്‍ ഗ്രൂപ്പ് നാല് വീടുകള്‍ ആദിവാസി മേഖലയില്‍ നിര്‍മിച്ച്‌ വൈദഗ്ധ്യം തെളിയിച്ചിരുന്നു. തുടര്‍ന്നാണ് ആറ് വീടുകളുടെ നിര്‍മാണംകൂടി അഞ്ചംഗ പെണ്‍സംഘം ഏറ്റെടുത്ത് മികവ് തെളിയിച്ചത്. കമ്ബി മുറിക്കാനും കെട്ടാനും വാര്‍പ്പ് പണിക്കും മറ്റുമുള്ള പരിശീലനം ഇവര്‍ക്ക് കുടുംബശ്രീ മുഖേന ലഭിച്ചിരുന്നു. സിസിലി (സെക്രട്ടറി), നിഷ (പ്രസിഡന്റ്) എന്നിവര്‍ ഭാരവാഹികളായ മേസണ്‍ ഗ്രൂപ്പാണ് വീടുകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയത്. പത്ത് വീടുകള്‍കൂടി നിര്‍മിക്കാന്‍ പദ്ധതിയായിട്ടുണ്ട്. ഫണ്ട് ലഭിക്കുന്ന മുറക്ക് ഇതും ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീ.

 

Related Articles

Back to top button