LatestThiruvananthapuram

റേഷൻ കിട്ടിയില്ല; കടയിലെ ജീവനക്കാരിയെ അടിച്ചുവീഴ്‌ത്തി

“Manju”

കാട്ടാക്കട: പോസ് യന്ത്രം പ്രവർത്തിക്കാത്തതിനെത്തുടർന്ന് റേഷൻ ലഭിക്കാത്തതിൽ പ്രകോപിതനായ ഉപഭോക്താവ് കടയിലെ ജീവനക്കാരിയെ കൈയേറ്റം ചെയ്തു. പൂവച്ചൽ പഞ്ചായത്തിലെ തേവൻകോട് എ.ആർ.ഡി. 188 കടയിലെ ജീവനക്കാരി കുറ്റിച്ചൽ കല്ലറത്തോട്ടം ആർ.കെ.നിവാസിൽ സുനിത (35)യ്ക്കാണ് മർദനമേറ്റത്. ഇവർ കാട്ടാക്കട സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലാണ്. ഇവരെ കൈയേറ്റം ചെയ്തശേഷം വീണ്ടും കടയിലെത്തി ബഹളമുണ്ടാക്കിയ തേവൻകോട് സ്വദേശി ദീപുവിനെ നെയ്യാർഡാം പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച വൈകീട്ട് ആറോടെ കടയിൽ റേഷൻ വാങ്ങാനെത്തിയ ദീപുവിനോട്‌ സെർവർ തകരാർ കാരണം ഇപോസ് യന്ത്രം പ്രവർത്തിക്കുന്നില്ലെന്നും അതിനാൽ റേഷൻ നൽകാൻ കഴിയില്ലെന്നും സുനിത പറഞ്ഞപ്പോൾ പ്രകോപിതനായി ചെകിടത്ത് അടിക്കുകയായിരുന്നു. ശക്തമായ അടിയിൽ ബോധരഹിതയായി വീണ സുനിതയെ അടുത്തുള്ള കടക്കാർ ചേർന്ന് ആശുപത്രിയിലാക്കി. ദീപു രാവിലെയും റേഷൻ വാങ്ങാൻ വന്നിരുന്നതായും കിട്ടില്ലെന്നറിഞ്ഞ് മടങ്ങിയതായും പറയുന്നു. കൈയേറ്റത്തിനുശേഷം വീണ്ടും ഇയാൾ കടയ്ക്ക് മുന്നിലെത്തി ബഹളം ഉണ്ടാക്കിയപ്പോൾ പോലീസ് പിടികൂടുകയായിരുന്നു. സുനിതയുടെ ഭർത്താവ് എ.രജിയുടെ ലൈസൻസിയിലുള്ള റേഷൻ കടയാണിത്. കട പ്രവർത്തിക്കുന്നത് കാട്ടാക്കട പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കാട്ടാക്കട പോലീസാണ് കേസെടുത്തിട്ടുള്ളത്.

Related Articles

Back to top button