InternationalLatest

ഏറ്റവും ചെറിയ സ്‌കിന്‍ ക്യാന്‍സര്‍ കണ്ടെത്തി

“Manju”

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും ചെറിയ സ്‌കിന്‍ ക്യാന്‍സര്‍ കണ്ടെത്തി യുഎസിലെ ആരോഗ്യവിദഗ്ധര്‍. 0.65 മില്ലി മീറ്റര്‍ മാത്രം വലിപ്പമുള്ള ക്യാന്‍സറിനെ ഒരു യുവതിയുടെ കണ്ണിന് താഴെയുള്ള ചര്‍മ്മത്തിലാണ് കണ്ടെത്തിയത്. കണ്ണിന് താഴെ കാണപ്പെട്ട ഒരു ചുവന്ന കുത്തിന് കാരണമെന്താണെന്ന് തേടിയായിരുന്നു യുവതി ഡെര്‍മെറ്റോളജിസ്റ്റിനെ സമീപിച്ചത്. അവരുടെ കണ്ണിന് താഴെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ ചുവന്ന കുത്ത് തുടരുന്നുണ്ടായിരുന്നു എന്നതാണ് ഡോക്ടറെ സമീപിക്കാന്‍ കാരണം. ക്രിസ്റ്റി സ്റ്റാറ്റ്‌സ് എന്നാണ് യുവതിയുടെ പേര്. ക്രിസ്റ്റിയെ വിശദമായി പരിശോധിച്ച ഡെര്‍മറ്റോളജിസ്റ്റ് വലത്തെ കണ്ണിന്റെ ചുവട്ടിലും സമാനമായ പാട് ശ്രദ്ധിച്ചു.

നഗ്നനേത്രങ്ങളാല്‍ കാണാന്‍ ഏറെ പ്രയാസമായിരുന്നു ആ പാട്. കൂടുതല്‍ പരിശോധന നടത്തിയതോടെ യുവതിയെ ബാധിച്ചത് മെലനോമയാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരുടെ അഭിപ്രായമനുസരിച്ച്‌ ഏറ്റവും അപകടകാരിയായ ത്വക്ക് രോഗമാണ് മെലനോമ.

കൂടുതല്‍ ഭാഗങ്ങളിലേക്ക് പരക്കുന്നതിന് മുമ്പ് രോഗം കണ്ടെത്താന്‍ കഴിഞ്ഞത് മെലനോമയെ ചികിത്സിച്ച്‌ ഭേദമാക്കാന്‍ സഹായിക്കുമെന്ന് യുവതിയെ പരിചരിച്ച ഡോ. അലക്‌സാണ്ടര്‍ വിറ്റ്‌കോവ്‌സ്‌കി പ്രതികരിച്ചു. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എത്തിപ്പെടാന്‍ സാധിച്ചതാണ് ഫലവത്തായ ചികിത്സ കിട്ടാന്‍ സഹായിച്ചതെന്ന് രോഗബാധിതയായ ക്രിസ്റ്റിയും പ്രതികരിച്ചു. മൈക്രോ ക്യാന്‍സര്‍ കണ്ടെത്തിയ ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്‌സിറ്റി ഇപ്പോള്‍ ഗിന്നസ് റെക്കോര്‍ഡും കരസ്ഥമാക്കിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ചെറിയ ക്യാന്‍സര്‍ കണ്ടുപിടിച്ചതിനാണ് അംഗീകാരം.

Related Articles

Back to top button