InternationalLatest

ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന പദവി ദുബൈക്ക്

“Manju”

ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന പദവി വീണ്ടും ദുബൈ വിമാനത്താവളത്തിന്. ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 2.12 കോടി യാത്രക്കാരെ സ്വീകരിച്ചാണ് ദുബൈ വിമാനത്താവളം ഈ നേട്ടം സ്വന്തമാക്കിയത്.

ദുബൈ വിമാനത്താവളത്തില്‍ 2023-ന്റെ തുടക്കം മുതല്‍ തന്നെ വിനോദ സഞ്ചാരികളുടെയും ബിസിനസ് യാത്രികരുടെയും എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. 2023ലെ ആദ്യമൂന്ന് മാസം 2കോടി 12 ലക്ഷം പേരാണ് ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തത്. ഇന്ത്യയിലേക്കാണ് ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത്. 30 ലക്ഷം പേരാണ് ഇന്ത്യയിലേക്കും തിരിച്ചും ഈ കാലയളവില്‍ യാത്ര ചെയ്തത്.

സൗദി അറേബ്യയിലേക്ക് 16 ലക്ഷവും യു.കെയിലേക്ക് 14 ലക്ഷവും പാകിസ്ഥാനിലേക്ക് 10 ലക്ഷവും യാത്രക്കാര്‍ സഞ്ചരിച്ചു. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ദുബൈയില്‍ നിന്നും, തിരിച്ചും സഞ്ചരിച്ച നഗരം ലണ്ടനാണ്. കൊവിഡ് പടര്‍ന്നുപിടിക്കുന്നതിന് മുമ്പുള്ള 2020 ജനുവരിക്കുശേഷം ഏറ്റവും ഉയര്‍ന്ന പ്രതിമാസ യാത്രികരുണ്ടായ മാസം ഈ വര്‍ഷം മാര്‍ച്ചിലാണ്. 73 ലക്ഷം യാത്രക്കാരാണ് മാര്‍ച്ചില്‍ ദുബൈ വഴി സഞ്ചരിച്ചത്. യാത്രക്കാരുടെ എണ്ണം കുത്തനെ വര്‍ധിച്ചതോടെ ഈ വര്‍ഷം പ്രവചിക്കപ്പെടുന്ന യാത്രക്കാരുടെ എണ്ണം 8.3 കോടിയായി ഉയരുമെന്ന് ദുബൈ എയര്‍പോര്‍ട്സ് സി.ഇ.ഒ പോള്‍ ഗ്രിഫിത്ത് പറഞ്ഞു.

നേരത്തേ 7.8 കോടി യാത്രക്കാരെയാണ് പ്രതീക്ഷിച്ചിരുന്നത്. 2022-ല്‍ ആകെ 6.6 കോടി യാത്രക്കാരാണ് ദുബൈ വിമാനത്താവളത്തില്‍ എത്തിയത്. ലോകത്ത് ഏറ്റവും മികച്ച സൗകര്യങ്ങള്‍ നല്‍കുന്നതിലും മുന്‍പന്തിയിലാണ് ദുബൈ വിമാനത്താവളം. സെക്കന്‍ഡുകള്‍ കൊണ്ട് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഗേറ്റ് സംവിധാനങ്ങളും മറ്റു സുരക്ഷാ സംവിധാനങ്ങളും ദുബൈ വിമാനത്താവളത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

Related Articles

Back to top button