InternationalLatest

അറബ് വനിത ആദ്യമായി ബഹിരാകാശത്ത്

“Manju”

ജിദ്ദ: ആദ്യമായി അറബ് വനിതയെ ബഹിരാകാശത്തേക്ക് അയച്ച് സൗദി അറേബ്യ ചരിത്രംകുറിച്ചു. സ്തനാർബുദഗവേഷകയും സൗദി സ്വദേശിനിയുമായ റയാന അൽ ബർനാവി (33)യാണ് മറ്റ് മൂന്നുപേർക്കൊപ്പം യു.എസിലെ ഫ്ളോറിഡ കെന്നഡി സ്‌പേസ് സെന്ററിൽനിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ.എസ്.എസ്.) പോയത്. ഇന്ത്യൻസമയം തിങ്കളാഴ്ച പുലർച്ചെ 3.07-ന് യാത്രതിരിച്ച സംഘം വൈകുന്നേരം 6.42-ന് ബഹിരാകാശ നിലയത്തിലെത്തി.
സ്‌പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം. ഇതോടെ ഒരേസമയം വനിത ഉൾപ്പെടെ രണ്ടുപേരെ നിലയത്തിൽ എത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലും സൗദി ഇടംപിടിച്ചു.

യുദ്ധവിമാന പൈലറ്റും സൗദി പൗരനുമായ അലി അൽ ഖർനി, മുൻ നാസ ബഹിരാകാശസഞ്ചാരി പെഗ്ഗി വിറ്റ്‌സൺ, അമേരിക്കൻ സംരംഭകനും പൈലറ്റുമായ ജോൺ ഷോഫ്‌നർ എന്നിവരാണ് റയാനയുടെ സഹസഞ്ചാരികൾ. എട്ട് ദിവസം ബഹിരാകാശത്ത് തങ്ങുന്ന സംഘം 20 ഗവേഷണപദ്ധതികളിൽ പങ്കാളികളാകും. ന്യൂസീലൻഡിൽനിന്ന് ബയോമെഡിക്കൽ സയൻസിൽ ബിരുദവും സൗദിയിലെ അൽഫൈസൽ സർവകലാശാലയിൽനിന്ന് ബിരുദാനന്തരബിരുദവും നേടിയ റയാന ബർനാവി 10 വർഷമായി കാൻസർ സ്റ്റെംസെൽ റിസർച്ച് സെന്ററിൽ ഗവേഷകയാണ്.

നാസ, സ്പേസ് എക്സ്, ആക്സിയം സ്പേസ്, സൗദി സ്പേസ് അതോറിറ്റി എന്നിവ സംയുക്തമായി സംഘടിപ്പിച്ച പ്രത്യേക ദൗത്യത്തിലാണ് സൗദി ബഹിരാകാശ സഞ്ചാരികൾ യാത്രയായത്. റയാനയും അലിയും അമേരിക്കയിൽ ഒരു വർഷത്തോളംനീണ്ട പരിശീലനം നടത്തിയിരുന്നു.

Related Articles

Back to top button