KeralaLatest

പെൻഷൻ ഉത്തരവ് വഞ്ചനാപരമെന്ന് കെപിഎസ്ടിഎ

“Manju”

പി.വി.എസ്

ഒക്ടോബർ ഒന്നിന് സർക്കാർ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെ പെൻഷന് സർവീസ് ദൈർഘ്യം കണക്കാക്കുന്ന രീതിയിൽ മാറ്റം വരുത്തി പെൻഷൻ തുക കുറവ് ചെയ്യാനുള്ള ഉത്തരവ് വഞ്ചനാപരമാണെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു.  29 വർഷവും ചുരുങ്ങിയത് ഒരു ദിവസവുമുണ്ടെങ്കിൽ മുപ്പത് വർഷം കണക്കാക്കി മുഴുവൻ പെൻഷൻ കണക്കാക്കുന്ന രീതിയാണ് ഇല്ലാതാക്കിയിരിക്കുന്നത്. പൂർണ സർവീസ് വർഷത്തിനു പുറമേ ആറു മാസത്തിൽ കൂടുതലുണ്ടെങ്കിൽ ഒരു വർഷം സർവീസായി കണ്ടക്കാക്കുന്ന രീതിയും ഒഴിവാക്കി.

അധിവർഷത്തിലെ  ഓരോ ദിവസം കൂടി പെൻഷൻ കാലയളവിന് പരിഗണിക്കണമെന്ന കോടതി നിർദ്ദേശത്തിൻ്റെ  മറവിലാണ് സർക്കാറിൻ്റെ ഈ വഞ്ചന. പെൻഷൻ കാലയളവ് ഈ  രീതിയിൽ മാറ്റം വരുത്തുമ്പോൾ ഒട്ടേറെ ജീവനക്കാർക്ക് പെൻഷനും ഗ്രാറ്റിവിറ്റിയും മറ്റു ആനുകൂല്യങ്ങളും വലിയ തോതിൽ കുറയാൻ കാരണമാകും.  ജീവനക്കാരെ ശത്രുക്കളായി കണ്ട്  ദ്രോഹിക്കുന്ന  സമീപനമാണ് സർക്കാറിനുള്ളത് . ഖണ്ഡശ്ശ: സർവീസുകൾ പെൻഷൻ കാലയളവിന് പരിഗണിക്കണം എന്ന് കോടതി നിർദ്ദേശിച്ചിട്ടു പോലും പരിഗണിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ അധ്യാപകരുടെയും ജീവനക്കാരുടേയും ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻമാറണമെന്നും അല്ലാത്ത പക്ഷം,  അവകാശങ്ങൾ സംരക്ഷിക്കാൻ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡണ്ട് വി.കെ. അജിത്കുമാറും ജനറൽ സെക്രട്ടറി എം .സലാഹുദീനും  അറിയിച്ചു.

Related Articles

Back to top button