IndiaLatest

കേണല്‍ മൻപ്രീത് സിംഗിന് അവസാന സെല്യൂട്ട് നല്‍കി ആറ് വയസുകാരൻ മകൻ

“Manju”

ചണ്ഡിഗഢ്: കേണല്‍ മൻപ്രീത് സിംഗിന് ആറ് വയസ്സുള്ള മകൻ അവസാന സെല്യൂട്ട് നല്‍കിയത് ആര്‍മി യൂണിഫോം ധരിച്ച്‌. പഞ്ചാബിലെ മുള്ളൻപൂര്‍ ഗരീബ്ദാസിലെ വീട്ടിലെത്തിച്ച മൃതശരീരത്തില്‍ അഭിവാദ്യം അര്‍പ്പിക്കുന്ന കുഞ്ഞു കബീര്‍ സിംഗ് ഏവര്‍ക്കും നോവായി. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ ബുധനാഴ്ച ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് കേണല്‍ മൻപ്രീത് സിംഗ് വീരമൃത്യു വരിച്ചത്.

കബീര്‍ സിംഗ് ഭാവി ഭാരതത്തിന്റെ വാഗ്ദാനമാണെന്ന് പ്രതിരോധ വിദഗ്ധൻ റിട്ട. കേണല്‍ ശൈലേന്ദ്ര പറഞ്ഞു. കേണല്‍ മൻപ്രീത് സിംഗിനെ പോലെ ധീരസൈനികനായി മകൻ വളര്‍ന്നുവരും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചാബിലെ ഒരു ചെറു ഗ്രാമമായ ഭരോണ്‍ജിയനിലാണ് കേണല്‍ മൻപ്രീത് സിംഗ് ജനിച്ചത്. രാഷ്‌ട്രീയ റൈഫിള്‍സില്‍ സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹത്തിന്റെ കശ്മീരിലെ കാലാവധി അവസാനിക്കാൻ നാല് മാസം മാത്രമാണ് ബാക്കിയുണ്ടായത്.

മൻപ്രീത് സംഗിന് കബീറിനെ കൂടതെ രണ്ട് വയസ്സുകാരി മകളുമുണ്ട്. അദ്ദേഹത്തിന്റെ പിതാവും ഇന്ത്യൻ ആര്‍മിയില്‍ നിന്ന് വിരമിച്ച വിമുക്തഭടനായിരുന്നു. ഏതാനും വര്‍ഷം മുൻപാണ് പിതാവ് മരണപ്പെട്ടത്. അമ്മയും ഭാര്യ ജഗ്മീത് ഗ്രെവാളും അടങ്ങുന്നതാണ് മൻപ്രീതിന്റെ കുടുംബം.

2021-ല്‍, ലെഫ്റ്റനന്റ് കേണലായിരിക്കുമ്പോള്‍, മൻപ്രീത് സിംഗിനെ ധീരതയ്‌ക്കുള്ള സേന മെഡല്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. ഇതേവര്‍ഷം തന്നെ പ്രമോഷന്റെ ഭാഗമായി സമാധാന പ്രദേശത്ത് പോസ്റ്റിംഗും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ധീരനായ ആ സൈനികൻ ആ പോസ്റ്റിംഗ് വേണ്ടെന്നു വെയ്‌ക്കുകയായിരുന്നു.

ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ പരിക്കേറ്റിരുന്നു ഒരു സൈനികൻ കൂടി മരണപ്പെട്ടതോടെ വീരമൃത്യു വരിച്ചവരുടെ എണ്ണം നാലായി. 19 രാഷ്‌ട്രീയ റൈഫിള്‍സ് യൂണിറ്റിലെ കമാൻറിംഗ് ഓഫീസര്‍ കേണല്‍ മൻപ്രീത് സിംഗ്, മേജര്‍ ആഷിഷ് ധോഞ്ചക്, ജമ്മു കശ്മീര്‍ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂണ്‍ ഭട്ട എന്നിവരാണ് ഏറ്റുമുട്ടലില്‍ രാജ്യത്തിന് വേണ്ടി ജീവൻ ബലിയര്‍പ്പിച്ചത്.

 

Related Articles

Back to top button