KeralaKozhikodeLatest

പി.വി. ​ഗം​ഗാധരൻ അന്തരിച്ചു

“Manju”

കോഴിക്കോട്: പ്രമുഖ സിനിമാ നിർമാതാവും വ്യവസായിയും എ..സി.സി. അംഗവും മാതൃഭൂമി ഡയറക്ടറുമായ പി.വി. ഗംഗാധരൻ(80) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. സംസ്ക്കാരം ശനിയാഴ്ച. പ്രമുഖവ്യവസായിയും സ്വാതന്ത്ര്യസമരസേനാനിയുമായ പരേതനായ പി.വി. സാമിയുടെയും മാധവിസാമിയുടെയും മകനായി 1943-ൽ കോഴിക്കോടായിരുന്നു ജനനം. പി.വി. ഷെറിൻ ആണ് ഭാര്യ. ചലച്ചിത്ര നിർമാണക്കമ്പനി എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ മക്കളാണ്. മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ ജ്യേഷ്ഠ സഹോദരനാണ്.

മലയാള സിനിമയുടെ ചരിത്രത്തിൽ ഇടംപിടിച്ച, ദേശീയ പുരസ്കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി ചിത്രങ്ങൾ നിർമിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ അമരക്കാരനായിരുന്നു അദ്ദേഹം. കെ.എസ്.യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം എ..സി.സി അംഗമായിരുന്നു.

സിനിമയിലേയും രാഷ്ട്രീയത്തിലേയും നിറസാന്നിധ്യമായിരുന്നു ഏവരും സ്നേഹപൂർവ്വം പി.വി.ജി എന്ന് വിളിച്ചിരുന്ന പി.വി ഗംഗാധരൻ. ജനപ്രിയ സിനിമകളിലൂടെ ഇന്നത്തെ മുതിർന്ന താരങ്ങളുടേയും സംവിധായകരുടേയും തുടക്കകാലത്ത് ഹിറ്റുകൾ സമ്മാനിച്ച ബാനറായിരുന്നു ഗൃഹലക്ഷ്മി ഫിലിംസ്.

1977-ൽ സുജാത എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് അദ്ദേഹം ചലച്ചിത്രനിർമാണരംഗത്തേക്കെത്തിയത്. തുടർന്ന് മനസാ വാചാ കർമണാ, അങ്ങാടി, അഹിംസ, ചിരിയോ ചിരി, കാറ്റത്തെ കിളിക്കൂട്, വാർത്ത, ഒരു വടക്കൻ വീരഗാഥ, അദ്വൈതം, ഏകലവ്യൻ തുടങ്ങി ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹിറ്റ് ചിത്രങ്ങളുടെ നീണ്ടനിരതന്നെ സൃഷ്ടിക്കപ്പെട്ടു. ജയൻ നായകനായ ഐ.വി.ശശി ചിത്രം അങ്ങാടി ഇന്നും മലയാള സിനിമയിലെ ആക്ഷൻ ചിത്രങ്ങളുടെ മുൻനിരയിലുണ്ട്. മലയാള സിനിമയിലെ ക്ലാസിക് ചിത്രങ്ങളുടെ പട്ടികയെടുത്താൽ മുന്നിൽത്തന്നെയുണ്ട് വടക്കൻ വീരഗാഥയുടെ സ്ഥാനം.

എസ് ക്യൂബുമായി ചേർന്ന് നിർമിച്ച ജാനകി ജാനേയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹം നിർമിച്ച കാണാക്കിനാവ് എന്ന ചിത്രത്തിന് 1997-ൽ മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്കാരവും 2000-ൽ ശാന്തം എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ഒരു വടക്കൻ വീരഗാഥ , കാണാക്കിനാവ്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അച്ചുവിന്റെ അമ്മ, നോട്ട്ബുക്ക് എന്നീ ചിത്രങ്ങൾ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സ്വന്തമാക്കി.

വാർത്ത (1986). ഒരു വടക്കൻ വീരഗാഥ (1989), തൂവൽ കൊട്ടാരം (1996), വീണ്ടും ചില വീട്ടുകാര്യങ്ങൾ (1999), അച്ചുവിന്റെ അമ്മ (2005), നോട്ട്ബുക്ക് (2006) എന്നിവ മികച്ച ചിത്രങ്ങൾക്കുള്ള സൗത്ത് ഫിലിം ഫെയർ പുരസ്കാരങ്ങൾ നേടി.

പി.വി. സാമി പടുത്തുയർത്തിയ കെ.ടി.സി. ഗ്രൂപ്പിന്റെ വളർച്ചയിൽ പി.വി. ചന്ദ്രനൊപ്പം വലിയ പങ്കുവഹിച്ചിട്ടുണ്ട് പി.വി ഗംഗാധരൻ. കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഉത്തരകേരളത്തിലെ വ്യവസായികളുടെ സംഘടനയായ മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ അമരത്ത് പ്രവർത്തിക്കാൻ മൂന്നുതവണ നിയോഗിക്കപ്പെട്ടു. ഈ കാലയളവിലാണ് കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിനുള്ള പ്രക്ഷോഭപരിപാടികളും സമ്മർദതന്ത്രങ്ങളും ചേംബർ ആവിഷ്കരിച്ചു നടപ്പാക്കിയത്.

 

മലബാർ എയർപോർട്ട് കർമസമിതിയുടെയും ട്രെയിൻ കർമസമിതിയുടെയും ചെയർമാനാണ്. മൂന്നുതവണ പാരീസ് കേന്ദ്രീകരിച്ചുള്ള ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായിരുന്നു. കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ, കേരളാ ഫിലിം ചേംബർ പ്രസിഡന്റ്, ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് എന്നിങ്ങനെ ഒട്ടേറെ പ്രധാന പദവികൾ വഹിച്ചിരുന്നു. പി.വി.എസ്. ആശുപത്രി ഡയറക്ടർ, ശ്രീകണ്ഠേശ്വര ക്ഷേത്രയോഗം ഡയറക്ടർ, ശ്രീനാരായണ എജ്യുക്കേഷൻ സൊസൈറ്റി ഡയറക്ടർ, പി.വി.എസ്. നഴ്സിങ് സ്കൂൾ ഡയറക്ടർ, മാതൃഭൂമി സ്റ്റഡിസർക്കിൾ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. പന്തീരാങ്കാവ് എജുക്കേഷൻ സൊസൈറ്റി പ്രസിഡന്റ്, പി.വി.എസ്. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഡയറക്ടർ, പിവി.എസ് ഹൈസ്കൂൾ ഡയറക്ടറുമാണ്. കാലിക്കറ്റ് സർവകലാശാലാ മുൻ സെനറ്റ് അംഗവുമായിരുന്നു

Related Articles

Back to top button