KeralaLatest

ശാന്തിഗിരിയിലെ സന്ന്യാസം സകല കർമ്മങ്ങളുടേയും തിരുത്ത് : സ്വാമി ചൈതന്യ ജ്ഞാനതപസ്വി

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിലെ മുപ്പത്തിയൊൻപതാമത് സന്ന്യാസദീക്ഷാ വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന 9 ദിവസത്തെ സത്സംഗം ഒക്ടോബർ 15 ഞായറാഴ്ച സ്പിരിച്വൽ സോൺ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി ഉദ്ഘാടനകർമ്മം നിർവഹിച്ചു. ബ്രഹ്മനിശ്ചയത്തിൽ വന്നു ഭവിച്ച് സകല സന്ന്യാസത്തിൻേറയും സകല കർമ്മങ്ങളുടേയും തിരുത്തായി മാറിയതാണ് ശാന്തിഗിരിയിലെ സന്ന്യാസമെന്ന് സ്വാമി അഭിപ്രായപ്പെട്ടു. മറ്റുള്ള ആശ്രമങ്ങളിൽ ജീവന്റെ കർമ്മഗതി മാറ്റിയെടുക്കുന്ന രീതി കുറവാണ്. എന്നാൽ തൃകാലജ്ഞാനിയായി സകലതിനേയും മോചനപ്പെടുത്തുന്ന കർമ്മിയായിട്ടാണ് ഗുരു ഭൂജാതനായത്. വിശ്വാസത്തിൻെറ ഉറപ്പ് അഥവാ ദൃഢത ഏവർക്കും ഉണ്ടായിരിക്കണം. അന്തരീക്ഷമാലിന്യങ്ങൾ മാറ്റുന്നതിനായി നമുക്ക് തന്നിരിക്കുന്ന അഖണ്ഡനാമ മന്ത്രം ഏതു കർമ്മം ചെയ്യുമ്പോഴും മനസ്സിൻെറ ഉള്ളിൽ ഒരു തപസ്സായി ഉണ്ടാകണം. ഗുരുവിന്റെ വഴി ബ്രഹ്മത്തിൻെറ അഥവാ അനുഭവങ്ങളുടെ വഴിയാണ്. ജാതി മത വർഗ്ഗ വർണ്ണവ്യത്യാസങ്ങൾക്ക് അതീതനാണ് ഗുരു. ഗുരുധർമ്മപ്രകാശ സഭയിലെ ഓരോർത്തർക്കും സന്ന്യാസത്തിന് അവകാശം ഉള്ളതുകൊണ്ടാണ് ഇവിടെ വന്നിട്ടുള്ളത്. മാതാപിതാക്കൾ തങ്ങളിൽ ദൃഢമായ വിശ്വാസം, ഉറപ്പ്, നിഷ്ഠ, പ്രാർത്ഥന എന്നിവ രൂപപ്പെടുത്തണം. കാരണം അത്രയധികം യോഗ്യതയുള്ള മക്കളാണ് വന്നിരിക്കുന്നത്. പല ആശ്രമങ്ങളുടെ കാര്യം നോക്കിയാൽ ഇന്ന് സന്ന്യാസം സ്വീകരിക്കാൻ ആളില്ലാത്ത കാലമാണെന്നും സ്വാമി പറഞ്ഞു. ഗുരുവിന്റെ ജന്മഗൃഹം അനുഭവത്തിന്റെ തിരുത്ത് കിട്ടുന്ന സ്ഥലമാണ്. ഗുരു കുട്ടിക്കാലം മുതൽ അനുഭവിച്ച ത്യാഗജീവിതം, ഗുരുവിന്റെ മാതാവ് അനുഭവിച്ച ത്യാഗവശങ്ങൾ എന്നിവയെക്കുറിച്ച് സ്വാമി തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു. ഗുരുവിന്റെ ത്യാഗജീവിതം അറിഞ്ഞുകൊണ്ടുള്ള ചരിത്ര മുഹൂർത്തങ്ങൾ എല്ലാവരുടേയും മനസ്സിൽ ഉണ്ടാകണം. ഭാവിയിൽ ഈ ആശയത്തെ കരുതലോടെ കൊണ്ടുപോകാൻ ഗുരുധർമ്മപ്രകാശസഭാംഗങ്ങൾക്ക് കഴിയണം. ഗുരുവിനെ അതിന്റേതായ അർത്ഥതലത്തിൽ കൊണ്ടുപോയാൽ ജീവിതയാത്രയിൽ ഒരു കുഴപ്പവും ഉണ്ടാകില്ല. ഗുരു സത്യത്തിന്റെ വഴിയിലേക്ക് നമ്മളെ എപ്പോഴും നയിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് സ്വാമി തന്റെ പ്രഭാഷണം അവസാനിപ്പിച്ചു.

അനുഭവം പങ്കിട്ട ജ്യോതിപുരം യൂണിറ്റിലെ സി.പി.ചന്ദ്രമതി ഗുരു തന്റെ കുടുംബത്തിന് നൽകിയ കാരുണ്യത്തെ ഹൃദയസ്പർശിയായ വാക്കുകളിലൂടെ പങ്കുവെച്ചു. ഗുരുവിൻെറ പ്രാർത്ഥന, കർമ്മം എന്നിവ നല്ല മനസ്സോടെ ചെയ്താൽ പ്രപഞ്ചത്തിൽ ഒരു കാര്യവും സാധിക്കാത്തതായി ഇല്ല. ഗുരു തന്റെ കൂടെയുണ്ടെന്ന ഉറപ്പ് വരണമെന്നും അവർ പറഞ്ഞു. റ്റി.എസ്സ്.കരുണരൂപൻ ഗുരുവാണി വായിച്ചു. ശാന്തിഗിരി രക്ഷാകർതൃ സമിതി അസിസ്റ്റൻറ് ജനറൽ കൺവീനർ വി.എൻ.ഗോപാലകൃഷ്ണൻ സ്വാഗതം ആശംസിച്ചു. ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം അഡീഷണൽ ജനറൽ കൺവീനർ പി.പി.ബാബു കൃതജ്ഞത അർപ്പിച്ചു.

ശാന്തിഗിരി ഗുരുമഹിമ പ്രവർത്തകരായ എസ്.പി.സുകൃത, സി.വി. ഗുരുവത്സ എന്നിവർ ഗുരുവന്ദനം ആലപിച്ചു. .അജിതകുമാരി കോമ്പയറിംഗ് നടത്തി.

Related Articles

Back to top button