IndiaLatest

കന്നഡ നടി ലീലാവതി അന്തരിച്ചു

“Manju”

പ്രശസ്ത കന്നഡ നടി ലീലാവതി അന്തരിച്ചു. 85 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബെംഗളൂരു നെലമംഗലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി 600ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

16ാം വയസ്സില്‍ അഭിനയ രംഗത്തെത്തിയ ലീലാവതി ഡോ. രാജ്കുമാര്‍, ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍, എന്‍.ടി. രാമറാവു, എം.ജി. രാമചന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. കന്നഡയില്‍ മാത്രം നാനൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ചഞ്ചല കുമാരി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഭക്ത കുംബര, ശാന്ത തുകാരം, ഭട്ക പ്രഹ്ലാദ, മംഗല്യ യോഗ, മന മെച്ചിദ മദാദി എന്നിവയിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായി. പ്രമുഖ കന്നഡ നടന്‍ ഡോ. രാജ്കുമാറിനൊപ്പം നിരവധി സിനിമകളില്‍ വേഷമിട്ടു. രണ്ടു തവണ ദേശീയ പുരസ്‌കാരവും ആറ് തവണ സംസ്ഥാന പുരസ്‌കാരവും നേടി.

ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍ത്തങ്ങാടിയിലാണ് ജനനം. നടന്‍ വിനോദ് രാജ് മകനാണ്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മുന്‍ മുഖ്യമന്ത്രിമാരായ ബി.എസ്.യെഡിയൂരപ്പ, ബസവരാജ് ബൊമ്മൈ, എച്ച്‌.ഡി.കുമാരസ്വാമി എന്നിവരുള്‍പ്പെടെ അനുശോചനം രേഖപ്പെടുത്തി.

Related Articles

Back to top button