KeralaLatest

പ്രഭാത നടത്തത്തിന് കറുത്ത വസ്ത്രം പാടില്ല; മോട്ടോർ വാഹന വകുപ്പ്

“Manju”

 

തിരുവനന്തപുരം: ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രഭാതത്തിൽ നടക്കാൻ പോകുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണെന്ന് മോട്ടോർ വാഹനവകുപ്പ്. എന്നാൽ ഇരുചക്രവാഹന സഞ്ചാരികൾ കഴിഞ്ഞാൽ മരണത്തിന്റെ കണക്കിൽ രണ്ടാംസ്ഥാനത്ത് നിൽക്കുന്നത് കാൽനടയാത്രക്കാരാണെന്നും മോട്ടോർ വാഹനവകുപ്പ് ഫേസ്‌ബുക്കിൽ കുറിച്ചു.
പരിമിതമായ ഫുട്പാത്തുകൾ, വളവ് തിരിവുകൾ ഉള്ളതും വെളിച്ചം കുറഞ്ഞതുമായ റോഡുകൾ കാൽ നട യാത്രക്കാരുടെ സുരക്ഷയെ പറ്റിയുള്ള നമ്മുടെ അജ്ഞത ഇങ്ങനെ പല കാരണങ്ങൾ മൂലവും പലപ്പോഴും അപകടങ്ങൾ സംഭവിക്കുന്നുവെന്ന് എം.വി.ഡി ചൂണ്ടിക്കാട്ടുന്നു. കാൽനടയാത്രക്കാരനെ താരതമ്യേന വളരെ മുൻ കൂട്ടി കണ്ടാൽ മാത്രമേ ഒരു ഡ്രൈവർക്ക് അപകടം ഒഴിവാക്കാൻ കഴിയൂ. ഡ്രൈവർ കാൽനടയാത്രക്കാരനെ കണ്ട് വരാനിരിക്കുന്ന കൂട്ടിയിടി തിരിച്ചറിഞ്ഞ് ബ്രേക്കുകൾ അമർത്തി പ്രതികരിക്കണമെന്നും എം.വി.ഡി വിശദമാക്കുന്നു.

കേരളത്തിലെ സാധാരണ റോഡുകളിൽ അനുവദനീയമായ പരമാവധി വേഗതയായ മണിക്കൂറിൽ 70 കി.മീ (സെക്കന്റിൽ 19.5 മീറ്റർ)സഞ്ചരിക്കുന്ന ഡ്രൈവർ ഒരു കാൽനടയാത്രക്കാരനെ കണ്ട് പെട്ടെന്ന് കണ്ട് ബ്രേക്ക് ചവിട്ടാൻ എടുക്കുന്ന Reaction time ഏകദേശം 1 മുതൽ 1.5 സെക്കൻഡ് ആണ് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്.
ഈ സമയത്ത് വാഹനം 30 മീറ്റർ മുന്നോട്ട് നീങ്ങും , ബ്രേക്ക് ചവിട്ടിയതിന് ശേഷം പൂർണ്ണമായി നിൽക്കാൻ പിന്നെയും 36 മീറ്റർ എടുക്കും. അതായത് ഡ്രൈവർ കാൽനടയാത്രക്കാരനെ ഏറ്റവും കുറഞ്ഞത് 66 മീറ്ററെങ്കിലും മുൻപ് കാണണം.
വെളിച്ചമുള്ള റോഡുകളിൽ പോലും രാത്രി ഇങ്ങനെ കൃത്യമായി കാണാൻ കഴിയുന്നത് കേവലം 30 മീറ്റർ പരിധിക്ക് അടുത്തെത്തുമ്പോൾ മാത്രമാണെന്ന് പഠനങ്ങൾ കാണിക്കുന്നു (വെളിച്ചം കുറവുള്ള റോഡിൽ അത് 10 മീറ്റർ വരെയാകാം) അതും കാൽനടയാത്രികൻ റോഡിന്റെ ഇടത് വശത്താണെങ്കിൽ. ഡ്രൈവറുടെ വലതു വശത്തെ വിന്റ് ഷീൽഡ് പില്ലറിന്റെ തടസ്സം മൂലവും പെരിഫറൽ വിഷന്റെ പ്രശ്നം കൊണ്ടും വലത് വശത്തെ കാഴ്ച പിന്നെയും കുറയും.
മഴ, മൂടൽമഞ്ഞ്, ഡ്രൈവറുടെ പ്രായം കൂടുന്നത്, നൈറ്റ് മയോപ്പിയ, ഉറക്കം, ക്ഷീണം, ലഹരി ഉപയോഗം എന്നിവ അപകട സാദ്ധ്യത പതിൻമടങ്ങ് വർദ്ധിപ്പിക്കുന്നു.
കാൽനടയാത്രക്കാർ പ്രത്യക്ഷപ്പെടാൻ സാധ്യതയില്ലെന്ന് അനുഭവത്തിലൂടെ പഠിച്ച ഗ്രാമീണ റോഡുകളിലോ മറ്റ് പ്രദേശങ്ങളിലോ കാൽനടയാത്രക്കാരെ ഡ്രൈവർമാർ പ്രതീക്ഷിക്കില്ല എന്നതും പ്രശ്നമാണ്.
വസ്ത്രത്തിന്റെ നിറമാണ് പ്രധാനപ്പെട്ട മറ്റൊരു സംഗതി, കറുത്ത വസ്ത്രവും, വെളിച്ചമില്ലായ്മയും ,കറുത്ത റോഡും ചേർന്ന് പ്രഭാത സവാരിക്കാരനെ തൊട്ടടുത്ത് നിന്നാൽ പോലും കാണുക എന്നത് തീർത്തും അസാദ്ധ്യമാക്കുന്നു. കാൽ നട യാത്രക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണിവയൊക്കെ.

കാൽനടയാത്രക്കാർ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ

• സവാരി കഴിയുന്നതും പ്രഭാത വെളിച്ചത്തിലാക്കാം.

• കഴിയുന്നതും നടപ്പിനായി മൈതാനങ്ങളോ പാർക്കുകളോ തിരഞ്ഞെടുക്കുക.

• വെളിച്ചമുള്ളതും, ഫുട്പാത്തുകൾ ഉള്ളതുമായ റോഡുകൾ തിരഞ്ഞെടുക്കാം .

• തിരക്കേറിയതും, വാഹനങ്ങളുടെ വേഗത കൂടുതലുള്ളതും ആയ റോഡുകൾ പൂർണ്ണമായും ഒഴിവാക്കുക.

• ഫുട്പാത്ത് ഇല്ലെങ്കിൽ നിർബന്ധമായും അരികിൽ കൂടി വരുന്ന വാഹനങൾ കാണാവുന്ന രീതിയിൽ റോഡിന്റെ വലത് വശം ചേർന്ന് നടക്കുക.

• വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം.

കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ പൂർണ്ണമായും ഒഴിവാക്കണം.

• സാധ്യമെങ്കിൽ റിഫ്ളക്ടീവ് ജാക്കറ്റുകളൊ അത്തരം വസ്ത്രങ്ങളൊ ഉപയോഗിക്കുക.

• വലതുവശം ചേർന്ന് റോഡിലൂടെ നടക്കുമ്പോൾ 90 ഡിഗ്രി തിരിവിൽ നമ്മളെ പ്രതീക്ഷിക്കാതെ വാഹനങ്ങൾ പാഞ്ഞു വരാമെന്ന ശ്രദ്ധ വേണം .

• ഫോൺ ഉപയോഗിച്ചു കൊണ്ടും ഇയർ ഫോൺ ഉപയേഗിച്ച് പാട്ട് കേട്ടുകൊണ്ടും നടക്കുന്നത് ഒഴിവാക്കണം.

• കുട്ടികൾ കൂടെയുണ്ടെങ്കിൽ അധിക ശ്രദ്ധ നൽകണം.

• റോഡിലൂടെ വർത്തമാനം പറഞ്ഞു കൂട്ടം കൂടി നടക്കുന്നത് ഒഴിവാക്കണം.

വലതുവശം ചേർന്ന് റോഡിലൂടെ നടക്കുമ്പോൾ 90 ഡിഗ്രി തിരിവിൽ നമ്മളെ പ്രതീക്ഷിക്കാതെ പാഞ്ഞുവരുന്ന ഒരു വാഹനത്തിനായി പ്രത്യേകം ശ്രദ്ധ വേണം.

• മൂടൽ മഞ്ഞ്, മഴ എന്നീ സന്ദർഭങ്ങളിൽ ഡ്രൈവർമാർക്ക് റോഡിന്റെ വശങ്ങൾ നന്നായി കാണാൻ കഴിയില്ല എന്ന കാര്യം മനസിലാക്കി ശ്രദ്ധിച്ചു നടക്കുക. കഴിയുമെങ്കിൽ പ്രതികൂല കാലാവസ്ഥ ഒഴിവാക്കുക.

Related Articles

Back to top button