KeralaLatest

വര്‍ധിച്ച വൈദ്യുതി ഉപഭോഗം, കെഎസ്ഇബിയുടെ സാമ്പത്തിക പ്രതിസന്ധി; മുഖ്യമന്ത്രിയുടെ ഉന്നതതല യോഗം നാളെ

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വര്‍ധിക്കുകയും അതിലൂടെ കെഎസ്ഇബി സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. നാളെ വൈകിട്ട് തിരുവനന്തപുരത്താണ് യോഗം വിളിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ കരുതല്‍ വേണം എന്നാണ് കെഎസ്ഇബിയുടെ അഭ്യര്‍ത്ഥന.

സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗത്തില്‍ വളരെ അധികം വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ഇത് കെഎസ്ഇബിയെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. പീക്ക് ടൈമിലെ വൈദ്യുതി ഉപയോഗത്തിലാണ് വന്‍ വര്‍ധന ഉണ്ടായിരിക്കുന്നത്. യൂണിറ്റിന് 8 രൂപക്ക് മുകളില്‍ നല്‍കിയാണ് കേന്ദ്ര പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് അധിക വൈദ്യുതി നിലവില്‍ സംസ്ഥാനം വാങ്ങുന്നത്. ഇതിന് പ്രതിദിനം 15 കോടി മുതല്‍ 20 കോടി രൂപ വരെയാണ് കെഎസ്ഇബിക്ക് ചെലവ് വരുന്നത്.

കുറഞ്ഞ വിലക്ക് വൈദ്യുതി കിട്ടിയിരുന്ന ദീര്‍ഘകാല കരാര്‍ റദ്ദാക്കിയത് പുനഃസ്ഥാപിച്ചെങ്കിലും കമ്പനികള്‍ സഹകരിക്കാത്തത് പ്രതിസന്ധിയുടെ ആഴം കൂട്ടിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കേരളത്തില്‍ വൈദ്യുതി ഉപയോഗം കൂടുമെന്നാണ് കെഎസ്ഇബി കരുതുന്നത്. അങ്ങനെയെങ്കില്‍ ഭാരിച്ച ബാധ്യതയാകും ബോര്‍ഡിനുണ്ടാവുക. ഈ സാഹചര്യം നിലനില്‍ക്കുന്നത് കൊണ്ടാണ് മുഖ്യമന്ത്രി നാളെ ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്. വലിയ തുക കൊടുത്ത് പുറത്ത് നിന്ന് വൈദ്യുതി വാങ്ങി പ്രശ്‌നം പരിഹരിക്കുന്നതിന്റെ ബാധ്യത സര്‍ച്ചാര്‍ജ്ജ് ഇനത്തില്‍ ഭാവിയില്‍ ജനങ്ങളുടെ തലയില്‍ വരാനാണ് സാധ്യത.

 

Related Articles

Back to top button