KeralaLatest

‘പ്രേമലുവും ഗുണാ കേവും’ ആകാശത്ത് വിരിയും; തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന്

“Manju”

തൃശൂര്‍: പൂരനഗരിയെ വര്‍ണഘോഷങ്ങളില്‍ ആറാടിക്കുന്ന കരിമരുന്നിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്. രാത്രി ഏഴിനാണ് വെടിക്കെട്ടിന് തുടക്കമാവുക. ആദ്യം പാറമേക്കാവും തുടര്‍ന്ന് തിരുവമ്പാടിയുമാണ് തിരികൊളുത്തുക. പാറമേക്കാവില്‍ ഏഴുമുതല്‍ ഒമ്പത് വരെയും തിരുവമ്പാടിക്ക് ഏഴുമുതല്‍ 8.30 വരെയുമാണ് സമയം അനുവദിച്ചിട്ടുള്ളത്.
പൂരത്തിന്റെ ചരിത്രത്തില്‍ ആദ്യമായി തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ വെടിക്കെട്ട് കരാറുകാരന്‍ ഒരാളാണെന്ന പ്രത്യകത ഇത്തവണയുണ്ട്. മുണ്ടത്തിക്കോട് സ്വദേശി പി എം സതീശാണ് വെടിക്കെട്ട് ഒരുക്കുന്നത്. ആരോഗ്യകരമായ മത്സരം ഉണ്ടാകുമെന്നും ഇരു കമ്മിറ്റിയുടെ താത്പര്യപ്രകാരം ഒരുക്കുന്ന വെടിക്കെട്ടിന്റെ രഹസ്യം നിലനിര്‍ത്തുമെന്നും സതീശന്‍ പറയുന്നു. കഴിഞ്ഞ തവണ തിരുവമ്പാടി വിഭാഗത്തിന്റെ ചുമതലക്കാരനായിരുന്നു സതീശന്‍.

പഴയനിലയമിട്ടുകള്‍ മുതല്‍ ബഹുവര്‍ണ അമിട്ടുകള്‍, ഗുണ്ട്, കുഴിമിന്നി, ഓലപ്പടക്കം തുടങ്ങിയവയും വെടിക്കട്ടിലുണ്ടാവും. ആദ്യ 20 മിനിറ്റിനകം ഇരുവിഭാഗങ്ങളുടെയും കൂട്ടപ്പൊരിച്ചില്‍ നടക്കും.തുടര്‍ന്ന് വര്‍ണ അമിട്ടുകളുടെ ആഘോഷം നടക്കും. പുത്തന്‍ പരീക്ഷണങ്ങളും ഇരുവിഭാഗങ്ങളും ഒരുക്കുന്നുണ്ട്. ആകാശത്ത് പൊട്ടിവിരിഞ്ഞ ശേഷം താഴേക്ക് ഊര്‍ന്നിറങ്ങുന്ന ഗുണകേവും ആകാശത്ത് ഹൃദയത്തിന്റെ ആകൃതിയില്‍ വിരിയുന്ന പ്രേമലുവും എല്ലാം പ്രത്യേക അമിട്ടുകളാവും. പൂരത്തിന്റെ പ്രധാ വെടിക്കെട്ട് 20 ന് പുലര്‍ച്ചെയാണ്. പാറമേക്കാവിന് പുലര്‍ച്ചെ മൂന്നു മുതല്‍ ആറുവരെയും തിരുവമ്പാടിക്ക് മൂന്നു മുതല്‍ അഞ്ചുവരെയുമാണ് സമയം. പകല്‍ പൂരത്തിന്റെ ഭാഗമായ വെടിക്കെട്ട് 21 ന് ഉച്ചയ്ക്ക് നടക്കും. കലകട്രര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ ഇന്നലെ വെടിക്കെട്ട് നടക്കുന്ന സ്ഥലം സന്ദര്‍ശിച്ചിരുന്നു. നഗരം കനത്ത പോലീസ് സുരക്ഷയിലാണ്. സ്വരാജ് റൗണ്ടില്‍ നിന്ന് വെടിക്കെട്ട്കാണുന്നതിന് പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷനും പോലീസും അനുവദിച്ച വിവിധ സ്ഥലങ്ങളില്‍ നിന്നാണ് വെടിക്കെട്ട് കാണാനാവുക.

Related Articles

Back to top button