KeralaLatest

അനേക ജന്മങ്ങളിൽ അനുഷ്ഠിച്ച ത്യാഗത്തിന്റെ സമാഹാരമാണ് ഗുരുവിൻ്റെ ത്യാഗജീവിതം : ഡോ.സ്വപ്ന ശ്രീനിവാസൻ

“Manju”

പോത്തൻകോട് : ഗുരു കടന്നുപോയ അനേക ജന്മങ്ങളുടെ ത്യാഗത്തിന്റെ സമാഹാരമാണ് ഈ 72 സംവത്സര കാലത്തെ ജീവിതമെന്ന് ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി കൺവീനർ ഡോ.സ്വപ്ന ശ്രീനിവാസൻ പറഞ്ഞു. നവഒലിജ്യോതിർദിനം- 25 സർവ്വമംഗള സുദിനത്തോടനുബന്ധിച്ച് ശാന്തിഗിരി ആത്മവിദ്യാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 21 ദിവസത്തെ പ്രഭാഷണ പരമ്പരയിൽ അഞ്ചാം ദിവസം (ഏപ്രിൽ 18) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡോ.സ്വപ്ന. നിരവധി മഹാന്മാരുടെ ജീവിത ത്യാഗങ്ങളുടെ പൂർത്തീകരണമായിരുന്നു ഗുരുവിൻ്റെ ജീവിതം. നമ്മുടെ ജീവിതത്തിൽ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ നമ്മുടെ കർമ്മഗതിയുടെ ഫലമായി വന്നതാണ് പക്ഷേ ഗുരു ജീവിതത്തിൽ അനുഭവിച്ച കഷ്ടപ്പാടുകളാകട്ടെ നമ്മുടെ പാപശക്തി ഏറ്റെടുത്തതിലൂടെ ഉണ്ടായതാണ്. ഗുരുവിൻ്റെ ഗുരുവായ പട്ടാണിസ്വാമികളെ മാനിക്കുന്നതിലൂടെ അഭിവന്ദ്യ ശിഷ്യപൂജിതയെ തന്നോളം വളർത്തിക്കൊണ്ടുവരുന്നതിലൂടെ ഗുരു അനന്യമായ മാതൃകയാണ് നമുക്ക് കാണിച്ചു തന്നത്.
ഒരു നവലോകസൃഷ്ടിക്കായി ശിഷ്യരായ നമുക്ക് ശേഷി ഉണ്ടാകണം. ഒരു കർമ്മം ചെയ്യുമ്പോൾ, പ്രയാസവും തടസ്സവും ഒക്കെ വരുമ്പോൾ, ജീവിതത്തിൽ പ്രതിസന്ധി ഉണ്ടാകുമ്പോൾ, തൻ്റെ തന്നെ വാസനാഗുണം എതിർത്തു നിൽക്കുമ്പോൾ കളഞ്ഞിട്ടു പോകാതെ എത്ര തല്ലിയോടിച്ചാലും തൻ്റെ യജമാനനെ വിടാതെ നിൽക്കുന്ന ഒരു നായയെപ്പോലെ ഗുരുവിനെ മുറുകെപ്പിടിക്കാനുള്ള ഒരു അറിവ് ഓരോ ശിഷ്യനും ഉണ്ടാകണമെന്നും ഡോ. സ്വപ്ന ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.

ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം കോട്ടയം ഏരിയ കമ്മിറ്റി കൺവീനർ (പബ്ലിക് റിലേഷൻസ്) എസ്.ബിജോയിയും ശാന്തിഗിരി മാതൃമണ്ഡലം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി കൺവീനർ (അഡ്മിനിസ്ട്രേഷൻ) ഡോ.ദിവ്യ ദിവാകരനും അനുഭവങ്ങൾ പങ്കുവെച്ചു. പ്രഭാഷണ പരമ്പരയുടെ ആറാം ദിനമായ ഇന്ന് ശാന്തിഗിരി ഗുരുമഹിമ ഇൻചാർജ് (അഡ്മിനിസ്ട്രേഷൻ) ജനനി വന്ദിത ജ്ഞാനതപസ്വിനി പ്രഭാഷണം നടത്തും.

Related Articles

Back to top button