കണ്ണൂര്‍: നിര്‍മാണം പുരോഗമിക്കുന്ന തലശ്ശേരി-മാഹി ബൈപാസ് പ്രവൃത്തി അവസാനഘട്ടത്തിലേക്ക്. ആറുമാസത്തിനകം പണി പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കാനാവും. ബൈപാസിെന്റ പ്രവൃത്തി 60 ശതമാനം പൂര്‍ത്തിയായി. പാലങ്ങളുടെയും റോഡിന്റെയും പണിയാണ് പ്രധാനമായും നടക്കുന്നത്. ധര്‍മടം പാലത്തിന്റെ പണി പൂര്‍ത്തിയായി. വയലുകളിലും താഴ്ന്ന സ്ഥലങ്ങളിലും ബൈപാസിനായി മണ്ണിട്ട് ഉയര്‍ത്തല്‍ പുരോഗമിക്കുകയാണ്.
ബൈപാസ് റോഡ് ടാറിങ് 60 ശതമാനത്തോളം കഴിഞ്ഞു. 45 മീറ്റര്‍ വീതിയില്‍ നാലുവരി പാതയാണ് നിര്‍മിക്കുന്നത്. ബൈപാസിന് ഇരുവശത്തും സര്‍വിസ് റോഡുകളുടെ ടാറിങ് നടക്കുന്നുണ്ട്. അഞ്ചര മുതല്‍ ഏഴു മീറ്റര്‍ വരെ വീതിയിലാണ് ടാറിങ്. 21 അടിപ്പാതകളാണ് ബൈപാസിനുള്ളത്. ഇവയുടെ നിര്‍മാണം 90 ശതമാനത്തിലധികം പൂര്‍ത്തിയായിക്കഴിഞ്ഞു. മൂന്നെണ്ണം കൂടിയാണ് പൂര്‍ത്തിയാകാനുള്ളത്. പാനൂര്‍ മേഖലയില്‍നിന്ന് വലിയ ലോറികളില്‍ മണ്ണെത്തിച്ച് റോഡ് ഉയര്‍ത്തല്‍ പുരോഗമിക്കുകയാണ്. തുടക്കത്തില്‍ മണ്ണ് ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു.
റി ഇന്‍ഫോഴ്സ്ഡ് വാള് (ആര്.ഇ വാള്) ഉപയോഗിച്ചാണ് അരിക് കെട്ടുന്നത്. ഉയര്‍ന്നതും ദുര്‍ബലവുമായ പ്രദേശങ്ങളില്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് ഭിത്തി നിര്‍മാണം. ഏറെദൂരം വയലിലൂടെയും ചതുപ്പു നിറഞ്ഞതും താഴ്ന്നതുമായ പ്രദേശത്തുകൂടിയാണ് പാത കടന്നുപോകുന്നത്. ദേശീയപാതയുടെ അനുവദനീയമായ ഉയരം പാലിക്കാത്തതിനാലും സുരക്ഷാ പ്രശ്നം മുന്‍നിര്‍ത്തിയും പാറാല്‍-ചൊക്ലി റോഡില്‍ അടിപ്പാതക്കായി നിര്‍മിച്ച പാലം പൊളിച്ചുമാറ്റല്‍ പ്രവൃത്തി പുരോഗമിക്കുകയാണ്. ഇതോടൊപ്പം പുതിയ പാലത്തിെന്റ പണിയും നടക്കുന്നുണ്ട്. പാലം അഞ്ചര മീറ്റര്‍ ഉയരത്തിലാണെങ്കിലും റോഡിന്റെ ചരിവുമൂലം ഇരുവശത്തും ഈ ഉയരം കൃത്യമായി പാലിക്കാനായില്ല. ഈ ചരിവ് സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പാലം പൊളിക്കാന്‍ തീരുമാനിച്ചത്. ഒരു വര്‍ഷം മുമ്പ് നിര്‍മിച്ച പാലമാണ് പൊളിച്ചുമാറ്റുന്നത്.
ധര്‍മടം നദിക്ക് കുറുകെ നെട്ടൂരില്‍ പണിതുകൊണ്ടിരിക്കുന്ന പാലത്തിലെ നാല് ഗര്‍ഡറുകള്‍ അഞ്ചുമാസങ്ങള്‍ക്ക് മു തകര്‍ന്നത് വിവാദമായിരുന്നു. കോണ്‍ക്രീറ്റ് ചെയ്ത നാലു ഗര്‍ഡറുകളില്‍ ഒന്നിന് അടിത്തട്ടില്‍നിന്നും ഊന്നു നല്‍കിയത് തെന്നിയതാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. അഞ്ചരക്കണ്ടി, ധര്‍മടം, കുയ്യാലി, മയ്യഴിപ്പുഴകള്ക്ക് കുറുകെയാണ് ബൈപാസിനായി പാലം നിര്‍മിച്ചത്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും പുതുച്ചേരി സംസ്ഥാനത്തെ മാഹിയിലുമായി 82.5222 ഹെക്ടര്‍ സ്ഥലമാണ് ബൈപാസിനായി ഏറ്റെടുത്തത്. ദേശീയ ഹൈവേ അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. ബൈപാസ് പണി തീരുന്നതോടെ നാലു പതിറ്റാണ്ടായുള്ള സ്വപ്നമാണ് പൂര്‍ത്തിയാകുന്നത്. ഇതോടെ കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ തിരക്കേറിയതും സൗകര്യം കുറഞ്ഞ റോഡുകളുമുള്ള തലശ്ശേരി, മാഹി ടൗണുകളില്‍ പ്രവേശിക്കാതെ യാത്ര സുഗമമാകും.
മുഴപ്പിലങ്ങാടു നിന്നും അഴിയൂരിലെത്താന്‍ നിലവില്‍ ഒരുമണിക്കൂറിലേറെ സമയം എടുക്കുന്നുണ്ട്. മാഹി ബൈപാസ് യാഥാര്‍ഥ്യമായാല്‍ 20 മിനിറ്റുകൊണ്ട് ഈ ദൂരം താണ്ടാനാവും. കണ്ണൂര്‍, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് 18.6 കിലോമീറ്റര്‍ ദൂരത്തിലാണ് മാഹി ബൈപാസ്.