ലുലു ഗ്രൂപ്പിന് രാജ്യാന്തര അംഗീകാരം
ദോഹ: മധ്യേഷ്യ , വടക്കന്‍ ആഫ്രിക്കന്‍ മേഖലയിലെ (മെന) ഏറ്റവും മികച്ച ചെറുകിട വ്യാപാര ശൃംഖലക്കുള്ള അവാര്‍ഡുകള്‍ സ്വന്തമാക്കി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്. സ്റ്റോര്‍ പരിഷ്ക്കരണത്തിലും ഗ്രോസറി-ഭക്ഷ്യ ഉല്പന്ന വിപണന മേഖലയിലെ പുതുമയിലുമാണ് ‘റീട്ടെയില്‍ എം.ഇ അവാര്‍ഡ് 2021’ കരസ്ഥമാക്കിയത്. ദുബായിലെ കോണാര്ഡില് നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് മേധാവികള്‍ പുരസ്കാരം ഏറ്റുവാങ്ങി.
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്സ് ദുബായ് ആന്‍ഡ് നോര്‍തേണ്‍ എമിറേറ്റ്സ് ഡയറക്ടര്‍ ജെയിംസ് വര്‍ഗീസ്, റീജനല്‍ ഡയറക്ടര്‍ കെ.പി. തമ്പാന്, ഹെഡ് ഓഫ് മാര്‍ക്കറ്റിങ് രാഹുല്‍ സക്സേന, റീജനല്‍ മാനേജര്‍ ഹുസേഫ രുപവാല എന്നിവര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ ലുലു ഗ്രൂപ്പിനെ പ്രതിനിധാനം ചെയ്ത് പുരസ്കാരം ഏറ്റുവാങ്ങി. ഖത്തറിലെ ഏറ്റവും പുതിയ സ്ഥാപനമായ അബുസിദ്ര ലുലു ഹൈപ്പര്‍ മാര്‍ക്കറ്റാണ് ‘സ്റ്റോര്‍ ഇന്നൊവേഷന് ഓഫ് ദി ഇയര്‍ ‘പുരസ്കാരത്തിന് അര്‍ഹമായത്.
‘ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജ്മെന്റിലെ ഏറ്റവും പുതിയ ട്രെന്‍ഡുകളും സൗകര്യങ്ങളും ഒരുക്കി ഷോപ്പിങ് അനുഭവം ആധുനികമാക്കിയാണ് അബുസിദ്രമാള് പുരസ്കാരം സ്വന്തമാക്കിയത്. ഉയര്‍ന്ന നിലവാരത്തിലെ ഉപഭോക്തൃ സേവനവും ഉല്പന്നങ്ങളിലെ മികച്ച ഗുണനിലവാരവുമാണ് ഞങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കുന്നതും ലക്ഷ്യം വെക്കുന്നതും. ഓരോ ലുലു ഔട്ലെറ്റിലും ഞങ്ങള്‍ നല്കുന്ന വാഗ്ദാനവും അതാണ് -“ലുലു ഗ്രൂപ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി പ്രതികരിച്ചു .
പശ്ചിമേഷ്യയില്‍ ലുലു ഗ്രൂപ്പിന്റെ അടയാളമായാണ് ലോകകപ്പ് മുന്നില്‍ക്കണ്ട് വിശാലമായ അബുസിദ്ര ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങിയത്. ഭക്ഷ്യ-ഗ്രോസറി മേഖലയിലെ മികവിനാണ് ‘മോസ്റ്റ് അഡ്മയേഡ് റീട്ടെയിലര്‍ ഓഫ് ദി ഇയര്‍’ പുരസ്കാരം നേടിയത്. 22 രാജ്യങ്ങളിലെ സോഴ്സിങ് ഓഫിസുകള്‍വഴി ഏറ്റവും വിശ്വസനീയമായ കേന്ദ്രങ്ങളില്‍നിന്നും ഉല്പന്നങ്ങള് എത്തിക്കുന്നതിനുള്ള അംഗീകാരമായാണ് ഈ അവാര്‍ഡ് ലുലു ഗ്രൂപ്പിനെ തേടിയെത്തിയത്.