ബെയ്റൂത്ത് സ്ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് സഹായവുമായി സൗദി അറേബ്യ
സിന്ധുമോള്‍ ആര്
ജിദ്ദ: ബെയ്റൂത്ത് സ്ഫോടനത്തില്‍ ദുരിതത്തിലായവര്‍ക്ക് ജീവകാരുണ്യ സഹായങ്ങള്‍ എത്തിക്കാന്‍ സൗദി ഭരണാധികാരി സല്മാന് രാജാവ് നിര്‍ദേശം നല്കി. ബെയ്റൂത്ത് തുറമുഖത്ത് നൂറിലധികമാളുകള് മരിക്കാനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ വന്‍സ്ഫോടനം ചൊവ്വാഴ്ചയാണുണ്ടായത്. സംഭവം നടന്നയുടനെ സ്ഫോടനത്തില്‍ ഇരകളായവര്‍ക്ക് സൗദി അറേബ്യ പുര്‍ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെയാണ് മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ സല്മാന് രാജാവ് ഉത്തരിട്ടത്.
നിര്‍ദേശം ലഭിച്ചയുടന്‍ സഹായങ്ങള്‍ നല്കാന് നടപടി സ്വീകരിച്ചതായി സൗദി വിദേശ കാര്യാലയം വ്യക്തമാക്കി. കിങ് സല്മാന് റിലീഫ് സെന്റര്‍ (കെ.എസ്. റിലീഫ്) വഴിയാണ് അടിയന്തിര സഹായമെത്തിക്കുന്നത്. റിലീഫ് സെന്റര്‍ വഴി ലെബനാന് ജനതയെ സഹായിക്കാന്‍ നിര്‍ദേശം നല്കിയ സല്മാന് രാജാവിന് സെന്റര്‍ ജനറല്‍ സൂപ്പര്‍വൈസര്‍ ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍റബീഅ നന്ദിയും അനുമോദനവും അറിയിച്ചു.
സൗദി ഭരണകൂടം നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണിത്. ദുരന്തങ്ങളും പ്രതിസന്ധികളും ഉണ്ടാകുന്ന രാജ്യങ്ങള്‍ക്കൊപ്പം സൗദി അറേബ്യ എപ്പോഴും സഹായ ഹസ്തങ്ങളുമായി നിലകൊണ്ടിട്ടുണ്ട്. സ്ഫോടനത്തില്‍ മരിച്ചവര്‍ക്ക് ദൈവകാരുണ്യമുണ്ടാകുകയും പരിക്കേറ്റവര്‍ വേഗം സുഖംപ്രാപിക്കുകയും ചെയ്യട്ടെയെന്നും ഡോ. അബ്ദുല്ല അല്‍റബീഅ പ്രാര്‍ഥിച്ചു.
ലോകത്തെവിടെയും ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്കുന്ന രാജ്യങ്ങളില്‍ സൗദി അറേബ്യ എപ്പോഴും മുന്‍പന്തിയിലാണെന്ന് ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഡോ. യൂസഫ് ബിന്‍ അഹ്മദ് അല്‍ഉതൈമീന്‍ പറഞ്ഞു.
ലബനാന് മെഡിക്കല്‍ സംഘവുമായി സഹകരിച്ചാണ് കെ.എസ്. റിലീഫ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും സഹായങ്ങള്‍ എത്തിക്കുന്നതും. സെന്ററിന്റെ കീഴിലുള്ള മെഡിക്കല്‍ സൊസൈറ്റികള്‍ അടിയന്തിര ചികിത്സ, ആംബുലന്‍സ് സൗകര്യങ്ങളുമായി സേവന രംഗത്തുണ്ട്. കേന്ദ്രത്തിന്റെ സുബുലു സലാം സൊസൈറ്റിക്ക് കീഴിലുള്ള ആംബുലന്‍സ് ടീമുകള്‍, അര്‍സാല്‍ പട്ടണത്തിലെ മര്‍കസ് അമലിലെ വിദഗ്ധ സംഘം എന്നിവ സ്ഫോടനം നടന്ന ഉടനെ അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ബെയ്റുത്തിലെത്തിയിട്ടുണ്ട്.