KeralaLatestThiruvananthapuram

മംഗലപുരം പഞ്ചായത്തിലെ ഖാൻ – മുണ്ടയ്ക്കൽ കോളനിയിൽ വികസന പദ്ധതി പൂർത്തീകരണ പ്രഖ്യാപനം നടത്തി

“Manju”

മംഗലപുരം :അംബേദ്കർ ഗ്രാമം പദ്ധതിയുടെ ഭാഗമായി മംഗലാപുരം പഞ്ചായത്തിലെ ഖാൻ – മുണ്ടയ്ക്കൽ കോളനിയിൽ നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനം പട്ടികജാതി – പട്ടികവർഗ – പിന്നാക്കക്ഷേമ മന്ത്രി എ.കെ ബാലൻ ഓൺലൈനായി നിർവഹിച്ചു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ സമഗ്രവും സുസ്ഥിരവുമായ വികസനമാണു സർക്കാർ ലക്ഷ്യമിടുന്നതെന്ന് പ്രഖ്യാപനം നിർവഹിച്ചു മന്ത്രി പറഞ്ഞു.

ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം 273 അംബേദ്കർ കോളനികൾ ഏറ്റടുത്തു വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിൽ 24 ഗ്രാമങ്ങളിലെ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തീകരിച്ചു. ശേഷിക്കുന്നവ വേഗത്തിൽ പൂർത്തീകരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അഞ്ചു പട്ടികജാതി ഗ്രാമങ്ങളിൽ പൂർത്തീകരിച്ച പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി ഓൺലൈനായി നിർവഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ ചടങ്ങിൽ വീഡിയോ കോൺഫെറെൻസിങ്ങിലൂടെ അധ്യക്ഷത വഹിച്ചു.

റോഡ് നിർമാണം, ഡ്രെയ്‌നേജ്, വീട് അറ്റകുറ്റപ്പണി, കുടിവെള്ള പദ്ധതി, ലൈബ്രറി, സാംസ്‌കാരിക നിലയം, ഓപ്പൺ സ്റ്റേജ് എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഖാൻ – മുണ്ടയ്ക്കൽ കോളനിയിൽ പൂർത്തീകരിച്ചത്. ഒരു കോടിയോളം രൂപയാണ് പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചത്.ഉദ്ഘാടന ശേഷം കോളനിയിൽ സംഘടിപ്പിച്ച പ്രത്യേക യോഗത്തിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി മുഖ്യാഥിതിയായി. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബ ബീഗം, മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, വാർഡ് മെമ്പർമാർ, ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button