IndiaLatest

ജിഎസ്ടി അറസ്റ്റുകള്‍ക്ക് കര്‍ശന നിയന്ത്രണം

“Manju”

ജിഎസ്‍ടി നിയമ പ്രകാരമുള്ള അറസ്റ്റുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ജിഎസ്ടി, കസ്റ്റംസ് അധികൃതര്‍ക്കാണ് റവന്യൂ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ മാത്രമേ ജിഎസ്ടി നിയമം ഉപയോഗിച്ച്‌ അറസ്റ്റ് ചെയ്യാവൂ എന്നാണ് നിര്‍ദേശം.

കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നതിനും നിയന്ത്രണമുണ്ട്. ആരോപണങ്ങളുടെ പേരില്‍ വിളിച്ചുവരുത്തി ഉന്നത കോര്‍പറേറ്റ് ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കരുതെന്നാണ് റവന്യൂ മന്ത്രാലയം നിര്‍ദേശം നല്‍കിയത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്‌ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) ജിഎസ്ടി നിയമപ്രകാരമുള്ള അറസ്റ്റുകള്‍ക്കായി വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്, അറസ്റ്റിന് മുമ്പ്പാലിക്കേണ്ട വ്യവസ്ഥകള്‍, അറസ്റ്റുകള്‍ നടത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍, അറസ്റ്റിന് ശേഷമുള്ള നടപടി ക്രമങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ആരോപണവിധേയന്‍ നിയമ ലംഘനങ്ങള്‍ക്ക് പിന്നിലെ സൂത്രധാരനാണോ എന്നത് ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ പരിഗണിക്കാന്‍ സിബിഐസി ആവശ്യപ്പെട്ടു. നിയമത്തിന്റെ വ്യത്യസ്‌ത വ്യാഖ്യാനങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന സാങ്കേതിക സ്വഭാവമുള്ള കേസുകളില്‍ അറസ്റ്റ് ചെയ്യരുതെന്നും വ്യക്തമാക്കി.

നേരത്തെ ജിസ്ടി കേസുകളില്‍ സുപ്രിംകോടതി നിരീക്ഷിച്ചതിങ്ങനെ– ‘അറസ്റ്റ് ചെയ്യാനുള്ള അധികാരത്തിന്റെ നിലനില്‍പ്പും അത് പ്രയോഗിക്കുന്നതിനുള്ള ന്യായീകരണവും തമ്മില്‍ വേര്‍തിരിവ് വേണം. കുറ്റാരോപിതന്‍ ഒളിവില്‍ പോകുകയോ സമന്‍സ് അനുസരിക്കാതിരിക്കുകയോ ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കരുതുന്നില്ലെങ്കില്‍, അന്വേഷണത്തിലുടനീളം സഹകരിച്ചിട്ടുണ്ടെങ്കില്‍, പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിതനാകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കുന്നില്ല‘.

ഏതെങ്കിലും കമ്പനിയുടെയോ പൊതുമേഖലാ സ്ഥാപനത്തിന്റെയോ സിഎംഡി, എംഡി, സിഇഒ, സിഎഫ്‌ഒ പോലുള്ള മുതിര്‍ന്ന മാനേജ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് പൊതുവെ ആദ്യ ഘട്ടത്തില്‍ സമന്‍സ് അയക്കാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്. വരുമാന നഷ്ടത്തിന് കാരണമായ തീരുമാനങ്ങളെടുക്കല്‍ പ്രക്രിയയില്‍ അവരുടെ പങ്കാളിത്തത്തെക്കുറിച്ച്‌ അന്വേഷണത്തില്‍ വ്യക്തമായ സൂചനകള്‍ ലഭിക്കുമ്പോള്‍ അവരെ വിളിപ്പിക്കാമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

Related Articles

Back to top button