India

അക്കൗണ്ട് ബ്ലോക്ക്; ട്വിറ്റർ ഇന്ത്യയോട് വിശദീകരണം തേടും : ശശി തരൂർ

“Manju”

ന്യൂഡൽഹി: കേന്ദ്ര വിവര സാങ്കേതിക മന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് സംഭവത്തിൽ ട്വിറ്ററിനോട് വിശദീകരണം തേടുമെന്ന് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശശി തരൂർ. കേന്ദ്രമന്ത്രിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാനുള്ള കാരണം, നടപടികൾ എന്നിവ ട്വിറ്റർ ഇന്ത്യയോട് ചോദിച്ചറിയുമെന്ന് ശശി തരൂർ അറിയിച്ചു. നേരത്തെ തന്റെ അക്കൗണ്ടും ട്വിറ്റർ ബ്ലോക്ക് ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. റാസ്പുടിൻ വൈറൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് തന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തത്.

രവിശങ്കർ പ്രസാദിന്റെ ട്വിറ്റർ അക്കൗണ്ട് ഒരു മണിക്കൂർ നേരത്തേയ്ക്കാണ് ബ്ലോക്ക് ചെയ്തത്. തന്റെ ട്വിറ്റർ അക്കൗണ്ട് ഉപയോഗിക്കാനായില്ലെന്ന് മന്ത്രി തന്നെയാണ് വ്യക്തമാക്കിയത്. യുഎസ് ഡിജിറ്റൽ പകർപ്പവകാശം ലംഘിച്ചതിനാലാണ് ബ്ലോക്ക് ചെയ്തതെന്നാണ് ട്വിറ്റർ നൽകിയ വിശദീകരണം. അക്കൗണ്ട് തിരികെ ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായും അദ്ദേഹം എത്തിയിരുന്നു.

ട്വിറ്റർ അവകാശപ്പെടുന്നത് പോലെ അവർ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കൾ അല്ലെന്നാണ് ഈ നടപടി വ്യക്തമാക്കുന്നതെന്നാണ് മന്ത്രി പ്രതികരിച്ചത്. യാതൊരു മുന്നറിയിപ്പും നൽകാതെയാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തത്. കേന്ദ്ര ഐടി ചട്ടങ്ങൾ പാലിക്കാത്തതിനാൽ ട്വിറ്ററിന് നൽകുന്ന നിയമ പരിരക്ഷ അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ ആഴ്ച മന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിന്റെ നടപടി.

Related Articles

Back to top button