IndiaLatest

‘അവര്‍ക്കെന്താണ് വേണ്ടതെന്ന് അവര്‍ക്കു തന്നെ അറിയില്ല’- സമരം ചെയ്യുന്ന കര്‍ഷകരെക്കുറിച്ച് ബി.ജെ.പി എം.പി ഹേമമാലിനി

“Manju”

ന്യൂഡല്‍ഹി: സമരം ചെയ്യുന്ന കര്‍ഷകരെ അധിക്ഷേപിച്ച്‌ ബി.ജെ.പി എം.പി ഹേമമാലിനി. കര്‍ഷക നിയമത്തിന് എന്താണ് കുഴപ്പമെന്നാണ് എം.പിയുടെ ചോദ്യം. അവരെന്താണ് ചെയ്യുന്നതെന്ന് അവര്‍ക്കറിയില്ലെന്നും ഹേമമാലിനി അധിക്ഷേപിക്കുന്നു. വേറെ ആരുടെയോ നിര്‍ദേശമനുസരിച്ചാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്നും ഹേമമാലിനി ആരോപിക്കുന്നു.

സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് അറിയില്ല അവര്‍ക്കെന്താണ് വേണ്ടതെന്ന്. പുതിയ കാര്‍ഷിക നിയമങ്ങളുടെ കുഴപ്പമെന്തെന്നും അവര്‍ക്ക് അറിയില്ല. മറ്റാരോ ആവശ്യപ്പെട്ടിട്ടാണ് അവര്‍ സമരം ചെയ്യുന്നതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്‘-ഹേമമാലിനി പറഞ്ഞു.

കര്‍ഷക സമരത്തെ ബി.ജെ.പി നേതാക്കള്‍ ഇതിന് മുന്‍പും അധിക്ഷേപിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപി മുനിസ്വാമി ആരോപിച്ചത് പണം നല്‍കിയാണ് കര്‍ഷകരെ സമരത്തിന് കൊണ്ടുവന്നതെന്നാണ്. പിസ തിന്നുന്ന, വ്യാജ കര്‍ഷകരാണ് ഡല്‍ഹിയില്‍ സമരം ചെയ്യുന്നതെന്നും എംപി ആക്ഷേപിച്ചു. പക്ഷിപ്പനി പരത്താന്‍ വന്നവരാണ് സമരക്കാരെന്നും അവര്‍ ചിക്കന്‍ ബിരിയാണി ആസ്വദിച്ച്‌ തിന്നുകയാണെന്നുമായിരുന്നു രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ മദന്‍ ദിലാവറുടെ പരാമര്‍ശം.

നവംബര്‍ 26 മുതല്‍ ഡല്‍ഹി അതിര്‍ത്തികളില്‍ അതിശൈത്യവും മഴയും വകവെക്കാതെ കര്‍ഷകര്‍ സമരത്തിലാണ്. നിയമം പിന്‍വലിക്കാതെ സമരം അവസാനിക്കില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. പരിഹാരത്തിനായി സുപ്രിം കോടതി നിയോഗിച്ച നാലംഗ സമിതിക്കു മുന്നില്‍ ഹാജരാകില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button