IndiaLatest

വിമാനയാത്രാ നിരക്ക് കുതിച്ചുയരുന്നു

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആഭ്യന്തരഅന്തരാഷ്ട്ര വിമാന യാത്രാ നിരക്ക് ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്ന് അന്താരാഷ്ട്ര വിമാനത്താവള കൗണ്‍സിലി (എസിഐ) ന്റെ റിപ്പോര്‍ട്ട്. ഏഷ്യാപസഫിക് (APAC), മിഡിലീസ്റ്റ് രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ആഭ്യന്തര വിമാന നിരക്കില്‍ 50 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ നിരക്ക് ഉയര്‍ന്നത് ഇന്ത്യയിലാണ്, 40 ശതമാനം. യുഇഎയില്‍ 34 ശതമാനത്തിന്റേയും സിംഗപ്പൂരില്‍ 30 ശതമാനത്തിന്റേയും വര്‍ധനവുണ്ടായെന്ന് എസിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

2021 അവസാനം മുതല്‍ കോവിഡിന് ശേഷം രാജ്യങ്ങള്‍ നിയന്ത്രണം എടുത്ത് കളഞ്ഞതിന് പിന്നാലെ ഡിമാൻഡ് വര്‍ധിച്ചതുകാരണം കാരണം വിമാന നിരക്കില്‍ വൻ കുതിച്ചുകയറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും കണ്ടെത്തി.

കോവിഡിന് മുമ്പ് റിട്ടേണ്‍ ടിക്കറ്റിനടക്കം ഉണ്ടായിരുന്ന നിരക്ക് ഇപ്പോള്‍ ഒരു ഭാഗത്തേക്ക് മാത്രം യാത്ര ചെയ്യാൻ നല്‍കണം. ഇന്ധനവിലയും പണപ്പെരുപ്പവുമാണ് വിമാന നിരക്ക് വര്‍ധനയുടെ ഒരു പ്രധാന കാരണമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. 2019 നെ അപേക്ഷിച്ച്‌ 2022 ല്‍ ഇന്ധന വില 76% വര്‍ദ്ധിച്ചു.

അതേ സമയം നിരവധി പ്രമുഖ അന്താരാഷ്ട്ര എയര്‍ലൈനുകള്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് ലാഭമാണ് പ്രഖ്യാപിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാന കമ്പനികള്‍ ലാഭം കൊയ്യുന്നുണ്ടെങ്കിലും ഇന്ത്യയിലടക്കമുള്ള വിമാനത്താവളങ്ങള്‍ തുടര്‍ച്ചയായ പത്താംപാദത്തിലും നെഗറ്റീവ് ദിശയിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നതിന് വിമാനത്താവളങ്ങള്‍ സാങ്കേതികതയിലും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലും കൂടുതല്‍ നിക്ഷേപം നടത്തിയെന്നും എസിഐ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Related Articles

Check Also
Close
Back to top button