KeralaLatest

ഏകദിന ക്രിക്കറ്റ് ലോകകപ്പ്; ഇനി 30 നാള്‍

“Manju”

ന്യൂഡല്‍ഹി: 2023ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് കൃത്യം 30 നാള്‍ അരികെ. ഇന്ത്യ ഒറ്റക്ക് ആദ്യമായി ആതിഥ്യമരുളുന്ന ടൂര്‍ണമെന്റില്‍ പത്തു രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. പത്തു വേദികളിലായി നടക്കുന്ന മത്സരങ്ങള്‍ ഒന്നര മാസം നീളും. ഒക്ടോബര്‍ അഞ്ചിന് അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ 2019ലെ ചാമ്ബ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പായ ന്യൂസിലൻഡും തമ്മിലാണ് ഉദ്ഘാടന പോരാട്ടം. നവംബര്‍ 19ലെ ഫൈനലും മോദി സ്റ്റേഡിയത്തിലാണ്. ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലൻഡ് ടീമുകള്‍ക്കു പുറമെ അഫ്ഗാനിസ്താൻ, ആസ്ട്രേലിയ, ബംഗ്ലാദേശ്, നെതര്‍ലൻഡ്സ്, പാകിസ്താൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളും ലോക കിരീടം തേടിയിറങ്ങും.

കൊല്‍ക്കത്ത ഈഡൻ ഗാര്‍ഡൻസ്, മുംബൈ വാങ്കഡെ സ്റ്റേഡിയം, ഡല്‍ഹി ഫിറോസ് ഷാ കോട്‍ല സ്റ്റേഡിയം, അഹ്മദാബാദ് മോദി സ്റ്റേഡിയം, ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈ എം.. ചിദംബരം സ്റ്റേഡിയം, ധര്‍മശാല എച്ച്‌.പി.സി.എ സ്റ്റേഡിയം, പുണെ എം.സി.എ സ്റ്റേഡിയം, ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയം, ലഖ്നോ ഏകന സ്റ്റേഡിയം എന്നിവയാണ് വേദികള്‍. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തിലും ഗുവാഹതി അസം ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലും സന്നാഹ മത്സരങ്ങളും നടക്കും. റൗണ്ട്റോബിൻ ഫോര്‍മാറ്റിലായിരിക്കും മത്സരങ്ങള്‍. പ്രാഥമിക റൗണ്ടില്‍ത്തന്നെ ഓരോ ടീമും പരസ്പരം ഏറ്റുമുട്ടും. കൂടുതല്‍ പോയന്റ് നേടുന്ന നാലു ടീമുകള്‍ സെമി ഫൈനലില്‍ കടക്കും.

2011ലാണ് ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ ഇതിനുമുമ്പ് ഏകദിന ലോകകപ്പ് അരങ്ങേറിയത്. അന്ന് ശ്രീലങ്കയെ തോല്‍പിച്ച്‌ ഇന്ത്യ ജേതാക്കളായി. മുംബൈയിലായിരുന്നു ഫൈനല്‍. ഇത്തവണ പകല്‍ മത്സരങ്ങള്‍ രാവിലെ 10നും പകല്‍രാത്രി കളികള്‍ ഉച്ചക്ക് രണ്ടിനും തുടങ്ങും. ഇന്ത്യയുടെ മത്സരങ്ങളെല്ലാം ആരംഭിക്കുന്നത് ഉച്ചക്കാണ്. പ്രാഥമിക റൗണ്ടില്‍ റിസര്‍വ് ദിനം ഇല്ല. ഏതെങ്കിലും കാരണവശാല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചാല്‍ പോയന്റ് പങ്കുവെക്കും. സെമിയില്‍ റിസര്‍വ് ദിനമുണ്ട്. അന്നും കളി നടന്നില്ലെങ്കില്‍ കൂട്ടത്തില്‍ ഗ്രൂപ് റൗണ്ടില്‍ കൂടുതല്‍ പോയന്റ് നേടിയവര്‍ക്ക് ഫൈനല്‍ ബെര്‍ത്ത് ലഭിക്കും. ഫൈനലില്‍ സമാന സ്ഥിതിയാണെങ്കില്‍ രണ്ടു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.

ടിക്കറ്റ് കിട്ടാനില്ല: ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയിലെ പരമാവധി ആരാധകര്‍ക്ക് നേരിട്ട് കാണാനുള്ള അവസരമാണിത്. ഓണ്‍ലൈനില്‍ ടിക്കറ്റ് ലഭ്യമായി മിനിറ്റുകള്‍ക്കകം വിറ്റുതീരുകയാണ്. ഇന്ത്യയുടെ ഒരു കളിയുടെയും ടിക്കറ്റ് കിട്ടാനില്ല. മറ്റു ടീമുകളുടെ ചില മത്സരങ്ങളുടേതാണ് ബാക്കിയുള്ളത്. ടിക്കറ്റ് ലഭിക്കാൻ in.bookmyshow.com/explore/c/icc-cricket-world-cup എന്ന ലിങ്കില്‍ പ്രവേശിക്കുക.

 

Related Articles

Back to top button