IndiaLatest

ഇന്ത്യയുടെ ഉരുക്കുവനിതയുടെ വിയോഗത്തിന് ഇന്ന് 37 വയസ്

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉരുക്കുവനിതയെന്ന് അറിയപ്പെടുന്ന മുന്‍ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി ഓര്‍മയായിട്ട് ഇന്നേക്ക് 37 വര്‍ഷം. പ്രധാന മന്ത്രിയെന്ന നിലയില്‍ രാജ്യത്തെ രാഷ്ട്രീയ ചരിത്രത്തില്‍ ആലേഖനം ചെയ്യപ്പെട്ട നിരവധി ഇടപെടലുകളും നടപടികളും ഇന്ദിരയുടെ ഭാഗത്ത് നിന്നുണ്ടായി. എന്നാല്‍, അടിയന്തരാവസ്ഥാ പ്രഖ്യാപനം അവരെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയയാക്കി.
1984 ഒക്ടോബര്‍ 31ന് രാവിലെ 9.29 നാണ് 67-ാം വയസില്‍ ആ ജീവിതം നിലച്ചത്. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് റോഡിലെ ഒന്നാം നമ്പര്‍ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഒമ്പത് വര്‍ഷത്തോളം ഇന്ദിരയുടെ സുരക്ഷാ സേനയിലെ വിശ്വസ്തരായി സേവനമനുഷ്ഠിച്ച സബ് ഇന്‍സ്പെക്ടര്‍ ബിയാന്ദ് സിംഗും കോണ്‍സ്റ്റബിളായ സത്‌വന്ത് സിംഗും ചേര്‍ന്നാണ് ഇന്ദിരക്ക് നേരെ നിറയൊഴിച്ചത്. അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ സൈന്യത്തെ അയച്ച്‌ ഇന്ദിരാ ഗാന്ധി നടത്തിയ ഓപറേഷന്‍ ബ്ലൂസ്റ്റാറിനുള്ള പ്രതികാരമായിട്ടായിരുന്നു കൊലപാതകം.

ബേങ്ക് ദേശസാത്ക്കരണ നടപടി ഇന്ദിരയുടെ ഭരണ നേട്ടങ്ങളില്‍ മികച്ചതായാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ മതനിരപേക്ഷത ശക്തിപ്പെടുത്തുന്നതിലും വലിയ പങ്കാണ് അവര്‍ നിര്‍വഹിച്ചത്. സൈലന്റ് വാലിയെ സംരക്ഷിക്കുന്നതിന് ഇന്ദിരയെടുത്ത നിലപാടും ശ്രദ്ധേയമായിരുന്നു. എന്നാല്‍, അതേ ഇന്ദിര തന്നെയാണ് 1959ല്‍ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിടാന്‍ ജവഹര്‍ലാല്‍ നെഹ്റുവിനു മേല്‍ സമ്മര്‍ദം ചെലുത്തിയത്.

Related Articles

Back to top button