India

കള്ളപ്പണം വെളുപ്പിക്കല്‍: സഞ്ജയ് റാവുത്ത് ഇ.ഡി കസ്റ്റഡിയില്‍

“Manju”

മുംബൈ: ശിവസേനാ നേതാവും എം.പിയുമായ സഞ്ജയ് റാവുത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കസ്റ്റഡിയിലെടുത്തു. റാവുത്തിന്റെ വസതിയില്‍ ഇ.ഡി. മണിക്കൂറുകള്‍ നീണ്ട റെയ്ഡ് നടത്തിയിരുന്നു. മുംബൈയിലെ ഒരു ജനവാസകേന്ദ്രമായ പത്ര ചോള്‍ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് ഇ.ഡി. റെയ്ഡിലേക്ക് നയിച്ചത്. ഞായറാഴ്ച രാവിലെ ഏഴുമണിക്കാണ് ഇ.ഡി. ഉദ്യോഗസ്ഥരും സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരും റാവുത്തിന്റെ മുംബൈ, ഭാണ്ടുപിലെ മൈത്രി എന്ന വസതിയിലെത്തിയത്.

തുടര്‍ന്ന് നടത്തിയ റെയ്ഡിനും ചോദ്യം ചെയ്യലിനും പിന്നാലെയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് റാവുത്തിന് മുന്‍പ് രണ്ടുവട്ടം ഇ.ഡി. നോട്ടീസ് നല്‍കിയിരുന്നു. രണ്ടാമത്തെ നോട്ടീസ് ജൂലൈ 27-ന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു. എന്നാല്‍ അദ്ദേഹം രണ്ടുവട്ടവും ഹാജരായിരുന്നില്ല.

മുംബൈയിലെ പത്രചോളിന്റെ പുനരുദ്ധാരണം, അതുമായി ബന്ധപ്പെട്ട് റാവുത്തിന്റെ ഭാര്യയും അടുത്ത അനുയായികളും നടത്തിയ പണമിടപാട് തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ഇ.ഡി. റാവുത്തിനെ ചോദ്യംചെയ്യുന്നത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും രാഷ്ട്രീയ വേട്ടയാടലിന്റെ ഇരയാണെന്നും റാവുത്ത് നേരത്തെ പ്രതികരിച്ചിരുന്നു. ശിവസേനയുടെ രാജ്യസഭാ എം.പിയായ റാവുത്ത്, ഉദ്ധവ് താക്കറേ ക്യാമ്പിലെ പ്രമുഖനും പാര്‍ട്ടി മുഖപത്രമായ സാമ്‌നയുടെ എഡിറ്ററുമാണ്.

Related Articles

Back to top button