KeralaLatest

ബോര്‍ഡ് വെച്ച വാഹനത്തില്‍  സൗജന്യമായി കൈതച്ചക്ക നല്‍കി കര്‍ഷകന്‍

'ആവശ്യക്കാര്‍ക്കു കൈതച്ചക്ക എടുക്കാം'

“Manju”

 

കോട്ടയം: കഴിഞ്ഞ ദിവസം രാവിലെ പൊന്‍കുന്നം- പാലാ റോഡില്‍ കൂരാലിയില്‍ എലിക്കുളം പഞ്ചായത്ത് ഓഫിസിനു മുന്നില്‍ നിറയെ പഴുത്ത കൈതച്ചക്കകളുമായി (Pineapple) ഒരു പിക്കപ് വാന്‍ എത്തി.

വാനില്‍ ഒരു പേപ്പര്‍ ബോര്‍ഡ് എഴുതി തൂക്കിയ ശേഷം പൈനാപ്പിള്‍ കൊണ്ടുവന്നയാള്‍ മടങ്ങി. ബോര്‍ഡില്‍ ഇങ്ങനെ എഴുതിയിരുന്നു: ‘കൈതച്ചക്കകള്‍ ആവശ്യക്കാര്‍ക്കു സൗജന്യമായി എടുക്കാം’. തുടര്‍ച്ചയായി പെയ്ത കനത്ത മഴയെത്തുടര്‍ന്നു വിപണിയില്‍ കൈതച്ചക്കയ്ക്ക് ആവശ്യക്കാര്‍ കുറവാണ്. ഒപ്പം വിലയും ഇടിഞ്ഞു. കൈതച്ചക്കകള്‍ വിറ്റഴിക്കാന്‍ മാര്‍ഗവുമില്ലാതെ വന്നതോടെ ഇളങ്ങുളം മറ്റപ്പള്ളി ടോമി ജോസഫാണ് നാട്ടുകാര്‍ക്ക് കൈതച്ചക്ക സൗജന്യമായി നല്‍കിയത്.
‘വിയര്‍പ്പൊഴുക്കി വിളയിച്ച ഇവ നശിച്ചു പോകുന്നതു‍ കാണാന്‍ കഴിയില്ല, ആരെങ്കിലും കഴിക്കട്ടെ’ – ഇതായിരുന്നു ടോമിയുടെ വാക്കുകള്‍. അധ്വാനിച്ചുണ്ടാക്കിയ കൈതച്ചക്ക വില്‍ക്കാന്‍ മാര്‍ഗമില്ലാതെ വന്ന കര്‍ഷകന്റെ നിസ്സഹായതയും പ്രതിഷേധവുമായിരുന്നു അത്.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വാനിലെ കൈതച്ചക്കള്‍ തീര്‍ന്നു. ഇതോടെ ടോമി വീണ്ടും ഒരു ജീപ്പില്‍ കൈതച്ചക്ക എത്തിച്ചു സൗജന്യമായി നല്‍കി.സ്വന്തം പുരയിടത്തിലെ 6 ഏക്കര്‍ സ്ഥലത്തും തമ്ബലക്കാട്, കാ‍ഞ്ഞിരമറ്റം, ഉരുളികുന്നം എന്നിവിടങ്ങളിലായി‍ 18 ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്തും കൈതച്ചക്ക കൃഷി ചെയ്യുകയാണ് ടോമി.
കഴിഞ്ഞ 4 വര്‍ഷമായി കൃഷി ചെയ്യുന്ന ടോമിക്ക് കഴിഞ്ഞ 2 വര്‍ഷവും കോവിഡ് പ്രതിസന്ധി മൂലം കനത്ത നഷ്ടമുണ്ടായി.

Related Articles

Back to top button