KeralaLatest

കോവിഡ് കാലത്തും അഴിയൂരിന് വിജയഗാഥ; കോഴി മാലിന്യത്തില്‍ നിന്ന് വരുമാനം

“Manju”

 

വടകര : കോവിഡ് കാലത്ത് അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ 14 കോഴി കടകളില്‍ നിന്ന് കോഴി മാലിന്യം സംസ്‌കരിച്ച വകയില്‍ പഞ്ചായത്തിന് 18, 735 രൂപ കിട്ടി. ഏകദേശം 1,87,350 കിലോ കോഴി മാലിന്യമാണ് താമരശ്ശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രഷ്‌കട്ട് ഓര്‍ഗാനിക് പ്രോഡക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി ചേര്‍ന്ന് ശാസ്ത്രീയമായി സംസ്‌കരിച്ചത്.
നാളിതുവരെ 25 ടണ്‍ കോഴി മാലിന്യം 19 മാസം കൊണ്ട് സംസ്‌കരിക്കാന്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്തിന് സാധിച്ചു. ലോക്ഡൗണ്‍ ആയവസരത്തില്‍ ഫ്രഷ് കട്ട് കമ്പനി ജില്ലാകളക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് മാലിന്യം സംസ്‌കരിക്കുവാനായി കൊണ്ട് പോയത്.
കച്ചവടക്കാരില്‍ നിന്ന് വാഹനത്തില്‍ ഏഴു രൂപക്ക് ശേഖരിച്ച് താമരശ്ശേരിയില്‍ കൊണ്ട് പോയി സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. ജില്ലയില്‍ തന്നെ കോഴി മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് പദ്ധതി ആദ്യമായി ആവിഷ്‌കരിച്ചത് അഴിയൂരാണ്. അതിന് ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരം അഴിയൂരിനുണ്ട്.
പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ 18,735 രൂപ ഫ്രഷ്‌കട്ട് കമ്പനി പ്രതിനിധി യൂജിന്‍ ജോസഫ് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയനെ ഏല്‍പ്പിച്ചു. വൈസ് പ്രസിഡന്റ് ഷീബ അനില്‍, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ലോക ഡൗണ്‍ കാലത്ത് വാഹനം അഴിയൂരില്‍ വരാന്‍ പഞ്ചായത്ത് പ്രത്യേകമായ സൗകര്യം ചെയ്തു നല്‍കിയിട്ടുണ്ടായിരുന്നു.
മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന കോഴി കച്ചവടക്കാരെയും ഫ്രഷ്‌കട്ട് ഏജന്‍സിയെയും ഭരണസമിതി യോഗം അഭിനന്ദിച്ചു.

Related Articles

Back to top button