EntertainmentKeralaLatest

ബഹളങ്ങളില്ലാതെ വന്ന് വന്‍വിജയങ്ങളുടെ എഴുത്തുകാരനായി മാറിയ സച്ചി.

“Manju”

 

വി.ബി. നന്ദകുമാര്‍

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി  വിടവാങ്ങി. 48 വയസ്സായിരുന്നു. കെ.ആര്‍ സച്ചിദാനന്ദന്‍ എന്നാണ് പൂര്‍ണ്ണപേര്. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ തൃശൂരില്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.  2020 ന്റെ മറ്റൊരു നഷ്ടമായി സച്ചി കൂടി കടന്നു പോവുമ്പോള്‍ അദ്ദേഹം പറയാന്‍ ബാക്കിവെച്ച കഥകള്‍ നിരവധി.
സച്ചിയെ മലയാളസിനിമ ഓര്‍ക്കുന്നത് തിരക്കഥകളുടെ പേരിലാണ്. അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളും വന്‍ വിജയങ്ങളായി. അയ്യപ്പനും കോശിയും, അനാര്‍ക്കലി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.

തിരക്കഥാകൃത്തുക്കള്‍ സംവിധാനത്തിലേക്ക് കടന്നു കഴിഞ്ഞാല്‍ പിന്നെ മറ്റുള്ളവര്‍ക്ക് വേണ്ടി സ്‌ക്രിപ്റ്റ് എഴുതാറുള്ളത് കുറവാണ് മലയാളത്തില്‍. എന്നാല്‍ സച്ചി അതില്‍ നിന്ന് വ്യത്യസ്തനായിരുന്നു. അനാര്‍ക്കലി സംവിധാനം ചെയ്ത ശേഷം സച്ചി മറ്റു സംവിധായകര്‍ക്കു വേണ്ടി പിന്നെയും തിരക്കഥകള്‍ എഴുതി. . 2007 ല്‍ ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റിലൂടെയാണ് തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചത്. സേതുവിനൊപ്പമാണ് തിരക്കഥാകൃത്തായി തുടക്കം. അഭിഭാഷകവൃത്തി ഉപേക്ഷിച്ചാണ് സിനിമയില്‍ എത്തിയത്. നാടകരംഗത്തും സജീവസാന്നിധ്യമായിരുന്നു.
എണ്ണപ്പെട്ട സിനിമകളിലൂടെ മലയാളസിനിമയുടെ മുഖ്യധാരയില്‍ ഉദിച്ചുയര്‍ന്ന് കാലമധികം കഴിയും മുന്‍പാണ് സച്ചിയുടെ മടക്കം.12 സിനിമകള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. ഇതിനിടെ സുഹൃത്തുക്കള്‍ക്കൊപ്പം ‘ചേട്ടായീസ്’ നിര്‍മിച്ചു.
റണ്‍ ബേബി റണ്‍, രാമലീല, സീനിയേഴ്സ്, മേക്കപ്പ് മാന്‍, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. കൊടുങ്ങല്ലൂരിലെ നാടകമേഖലയിലും ഫിലിം സൊസൈറ്റി രംഗത്തും സജീവമായിരുന്നു. നാടകങ്ങളില്‍ അഭിനേതാവും തിളങ്ങി. സച്ചിയുടേതായി അവസാനമിറങ്ങിയ ഡ്രൈവിങ് ലൈസന്‍സും അയ്യപ്പനും കോശിയും വന്‍ വിജയമായിരുന്നു

എറണാകുളം ലോ കോളജിലെ അഭിഭാഷകപഠനത്തിനുശേഷം ഹൈക്കോടതിയില്‍ എട്ടു വര്‍ഷത്തോളം ക്രിമിനല്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു.  ചോക്ലേറ്റിന്റെ വന്‍വിജയത്തെതുടര്‍ന്ന് പൃഥ്വിരാജ്- ജോഷി ചിത്രമായ റോബിന്‍ഹുഡിന് തിരക്കഥയെഴുതി. ഷാഫിക്കൊപ്പം മേക്കപ്പ് മാന്‍, വൈശാഖിനൊപ്പം സീനിയേഴ്സ് എന്നിവയുമായതോടെ വാണിജ്യസിനിമ സച്ചി-സേതു കൂട്ടുകെട്ടിന് പിന്നാലെയായി. പക്ഷെ, തുടര്‍ന്നുവന്ന സോഹന്‍സീനുലാലിനുവേണ്ടി ചെയ്ത ഡബിള്‍സ് പരാജയപ്പെട്ടതോടെ സച്ചിയും സേതുവും പിരിഞ്ഞു. തുടര്‍ന്ന് സച്ചിയുടെ പടയോട്ടമാണ് മലയാള സിനിമ കണ്ടത്. ബഹളങ്ങളില്ലാതെ വന്ന് വന്‍വിജയങ്ങളുടെ എഴുത്തുകാരനായി സച്ചി മാറി. അതിന്റെ തുടക്കം ജോഷി മോഹന്‍ലാല്‍ ചിത്രമായ റണ്‍ ബേബി റണ്‍ ആയിരുന്നു. ചേട്ടായീസ് എന്ന ചിത്രം നിര്‍മിച്ചെങ്കിലും വിജയിച്ചില്ല. 2015ല്‍ സച്ചി സംവിധായകന്റെ കുപ്പായമിട്ടു. പൃഥ്വിരാജ് -ബിജു മേനോന്‍ കൂട്ടുകെട്ടില്‍ എത്തിയ അനാര്‍ക്കലി കലാമേന്മകൊണ്ടും ബോക്സ് ഓഫീസ് വിജയം കൊണ്ടും ചര്‍ച്ച ചെയ്യപ്പെട്ടു. തുടര്‍ന്നാണ് ദിലീപിന്റെ രാമലീല ഇറങ്ങുന്നത്. സിനിമ വന്‍വിജയമായി മാറി.

അതേവര്‍ഷം ഷാഫിയുടെ കോമഡി ചിത്രം ഷെര്‍ലക് ടോംസിനുവേണ്ടി സംഭാഷണരചയിതാവായി. രണ്ടു വര്‍ഷത്തിനിപ്പുറം സച്ചി എത്തിയത് ഡ്രൈവിങ് ലൈസന്‍സുമായാണ്. 2019ന്റെ അവസാനം മലയാള സിനിമ ആഘോഷിച്ച വിജയമായിരുന്നു അത്. തിരക്കഥാകൃത്തായി നേടിയ കയ്യടികള്‍ക്കിടെ സച്ചി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം അയ്യപ്പനും കോശിയും റിലീസായി. അട്ടപ്പാടി പശ്ചാത്തലമാക്കി എഴുതിയ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തു. തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത് ആയിരുന്നു ഈ സിനിമ നിര്‍മിച്ചത്.

അയ്യപ്പനും കോശിയും വിവിധ ഭാഷകളില്‍ റിമേക്ക് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. തമിഴിനും ബോളിവുഡിനും പുറമേ കന്നഡയിലും തെലുങ്കിലും ചിത്രം റിമേക്ക് ചെയ്യുന്നുണ്ട്.  എന്നാല്‍ തന്റെ പ്രിയചിത്രം ചിത്രം മറ്റുഭാഷകളില്‍ റിലീസാകുന്നത് കാണാന്‍ ഇനി സച്ചിയില്ല. അതിനുമുന്‍പേ സച്ചിയെ മരണം വന്നുവിളിച്ചു. ഈ വലിയ കലാകാരന് ശാന്തിഗിരി ന്യൂസിന്റെ ആദരാജ്ഞലികള്‍.

Related Articles

Back to top button