KeralaKollamLatest

കൊല്ലത്ത് ക്വാറന്റീന്‍ കഴിഞ്ഞ് വീട്ടിലെത്തിയയാളെ ഭാര്യ ഇറക്കിവിട്ടു, പിന്നാലെ താമസ സൗകര്യമൊരുക്കി പൊലീസ്

“Manju”

സിന്ധുമോള്‍ ആര്‍

കൊല്ലം: കര്‍ണാടകയില്‍ നിന്ന് നാട്ടിലെത്തി ക്വാറന്റീനില്‍ 15 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷം വീട്ടിലെത്തിയയാളെ ഭാര്യയും ബന്ധുക്കളും ചേ‌ര്‍ന്ന് ഇറക്കിവിട്ടു. പൂയപ്പള്ളി ജനമൈത്രി പൊലീസ് ഇയാള്‍ക്ക് താത്കാലിക താമസ സൗകര്യമൊരുക്കി. ഇളമാട് വാളിയോട് കരിക്കത്തില്‍ താഴതില്‍ വീട്ടില്‍ മണിയെയാണ് വീട്ടുകാര്‍ ഇറക്കിവിട്ടത്. വിവാഹിതനായ ഇയാളും ഭാര്യയും വാളിയോടുള്ള സഹോദരിക്കൊപ്പമാണ് താമസിച്ചിരുന്നത്.

കര്‍ണാടകയില്‍ കിണറിന്റെ സിമന്റ് തൊടിയുടെ പണിക്ക് പോയി രണ്ടാഴ്ച മുന്‍പ് നാട്ടിലെത്തിയ മണി 15 ദിവസം കൊട്ടാരക്കര ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നു. ശേഷം ഇയാള്‍ സഹോദരിയുടെ വീട്ടിലേക്ക് എത്തുന്ന വിവരം ഫോണില്‍ വിളിച്ചറിയിച്ചു. എന്നാല്‍ സഹോദരി വീട്ടില്‍ വരണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് മണി വാക്കനാട് വീട് വാടകയ്ക്കെടുത്തെങ്കിലും ഇവിടെ താമസിക്കുന്നത് നാട്ടുകാര്‍ എതിര്‍ത്തു. തുടര്‍ന്ന് വാടക വീട് ഒഴിഞ്ഞാണ് വാളിയോടുള്ള സഹോദരിയുടെ വീട്ടിലെത്തിയത്.

എന്നാല്‍ ഇയാളുടെ ഭാര്യയും സഹോദരിയും ബന്ധുക്കളും ചേര്‍ന്ന് ഇയാളെ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല. അവിടെ നിന്നും ഇറങ്ങിയ മണി പൂയപ്പള്ളി പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പൂയപ്പള്ളി ജനമൈത്രി പൊലീസാണ് ഇയാള്‍ക്ക് വെളിയത്ത് താത്കാലിക സൗകര്യം ഒരുക്കിയത്.

Related Articles

Back to top button