KeralaLatestThrissur

തൃശൂര്‍ ജില്ലയില്‍ 3 ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി സ്ഥാപിക്കുന്നു

“Manju”

സിന്ധുമോള്‍ ആര്‍

തൃശൂര്‍: ജില്ലയിലെ ആദ്യത്തെ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി കുന്നംകുളത്ത് പ്രവര്‍ത്തനമാരംഭിച്ചു. ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ള മൂന്ന് പോക്സോ കോടതികളില്‍ ആദ്യത്തെ കോടതിയാണിത്. മറ്റ് രണ്ടെണ്ണത്തിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു.

കുന്നംകുളം ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതിയുടെ ആദ്യ ന്യായാധിപനായി എം.പി. ഷിബു ചുമതലയേറ്റു. കുന്നംകുളം മജിസ്ട്രേറ്റ് കോടതിയുടെ ഒന്നാം നിലയിലാണ് പുതിയ പോക്സോ കോടതി പ്രവര്‍ത്തിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ കേസ് വിസ്താരം നടത്തുന്നതിനുള്ള സൗകര്യമുള്‍പ്പെടെയാണ് കോടതി മുറി സജ്ജീകരിച്ചിട്ടുള്ളത്. ഇതിന് പുറമെ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ ഓഫീസ്, പീഡനങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികളുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തുന്നതിനുള്ള പ്രത്യേക മുറി തുടങ്ങിയവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

ജുഡീഷ്യല്‍ ഓഫീസര്‍, ബഞ്ച് ക്ലര്‍ക്ക്, സീനിയര്‍ ക്ലര്‍ക്ക്, സ്റ്റെനോഗ്രാഫര്‍, ടൈപ്പിസ്റ്റ്, രണ്ട് ഓഫീസ് അറ്റന്‍ഡര്‍മാര്‍ എന്നിങ്ങനെയാണ് ഇവിടെയുള്ള തസ്തികകള്‍. ചാവക്കാട്, കുന്നംകുളം താലൂക്ക് പരിധിയില്‍ ഉള്‍പ്പെട്ട സ്റ്റേഷന്‍ പരിധിയിലെ കേസുകളാണ് കുന്നംകുളത്തെ പ്രത്യേക ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതിയില്‍ പരിഗണിക്കുക. കുന്നംകുളത്തേതുള്‍പ്പെടെ സംസ്ഥാനത്ത് 17 പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതികളുടെ ഉദ്ഘാടനമാണ് നടന്നത്.

Related Articles

Back to top button