KeralaLatest

അറിയില്ലേ നിങ്ങള്‍ക്ക് ദേവുവിനെ…

“Manju”

 

വി ബി നന്ദകുമാർ

അവളുടെ കുസൃതിയും കുസൃതിനിറഞ്ഞ നിര്‍ത്തചുവടുകളും നമ്മള്‍ കണ്ട് ആനന്ദിച്ചതാണ്.
ഉത്സവപ്പറമ്പിലെ ചെണ്ടമേളത്തിനൊപ്പം ദേവു ചുവടു വയ്ക്കുന്നത് സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ കണ്ടതാണ്. എത്രമനോഹരമായിരുന്നു അത്. ലക്ഷക്കണക്കിന് പേര്‍  ഈ വീഡിയോ കണ്ടിരുന്നു ഇതോടെ ചാനല്‍ പരിപാടികളിലും ദേവു അതിഥിയായി എത്തി.  അപ്പോഴൊക്കെ ദേവുവിനൊപ്പം അച്ഛന്‍ ചന്ദ്രബാബുവും ഉണ്ടായിരുന്നു ആനന്ദത്തോടെ, അഭിമാനത്തോടെ. ഇന്ന് ഇതല്ല സ്ഥിതി. ദേവുവിനെ നെഞ്ചില്‍ ചേര്‍ത്ത് പിടിച്ച് കൊണ്ട് നടന്നിരുന്ന അച്ഛന്‍ ഇന്ന് ഭൂമിയില്‍ ജീവനോടില്ല. തന്റെ പ്രീയപ്പെട്ട അച്ഛന് സംഭവിച്ചതൊന്നും തിരിച്ചറിയാനാകാതെ അബോധാവസ്ഥയില്‍ ഒന്‍പതുവയസുകാരി ദേവു ആശുപത്രിയിലെ വെന്റിലേറ്ററിലാണ്. കൃത്രിമശ്വാസത്തില്‍ ജീവന്‍ നിലനിര്‍ത്തികൊണ്ടിരിക്കുന്ന മകളുടെ തിരിച്ചുവരവിന് പ്രാര്‍ത്ഥനയോടെ പുറത്ത് തണുത്ത ബഞ്ചില്‍ ഉള്ളില്‍ തീയുമായി ഇരിക്കുകയാണ് അമ്മ രജിത. മകളുടെ ഗുരുതരാവസ്ഥയും തന്റെ താങ്ങാകേണ്ട ഭര്‍ത്താവിന്റെ മരണവും അറിയാതെ, ആശുപത്രിവരാന്തയിലെ സ്റ്റീല്‍ ബഞ്ചില്‍ ഭക്ഷണം വെടിഞ്ഞ് മണിക്കൂറുകളായി ഒരിരുപ്പിലാണ് രജിത എന്ന യുവതി. ഈ അമ്മയുടെ മനസ്സില്‍ സദാ പ്രാര്‍ഥനമാത്രമാണിപ്പോള്‍. രണ്ടാമത്തെമകളെ പ്രവസമയത്തുതന്നെ നീ തിരിച്ചെടുത്തു. മൂത്തവളെയെങ്കിലും തിരികെ നല്‍കേണമേ… തന്റെ പ്രീയതമന്റെ മനസ്സിലെ വേദനകളും ആകുലതകളും അകറ്റേണമേ… എന്നൊക്കെയാണ് ഈ അമ്മമനസ്സ് സദാ മന്ത്രിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ രജിതയുടെ രണ്ടാമത്തെ പ്രാര്‍ഥന ദൈവം ചെവികൊണ്ടില്ല. മൂത്ത മകള്‍ ദേവുവിന്റെ രോഗം ഭര്‍ത്താവായ  ചന്ദ്രബാബുവിനെ വല്ലാതെ ആഘാതമേല്‍പ്പിച്ചിട്ടുണ്ടെന്ന് അള്‍ക്കറിയാം. അതുകൊണ്ടാണ് രജിത തന്റെ പ്രീയതമന്റെ മനസ്സിലെ വേദനകളും ആകുലതകളും അകറ്റേണമേ… എന്നുകൂടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നത്. എന്നാല്‍  എസ്എടിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ദേവുവിനെ പിതാവ് ചന്ദ്രബാബു  കണ്ടിറങ്ങിയത് തകര്‍ന്ന മനസുമായാണ്. ഈ ഭൂമിയില്‍ തനിക്ക് മാത്രം എന്തിനാണ് ഇത്രയും വലിയദുഖം നല്‍കിയതെന്ന് ചിന്തിച്ചുപോയി അയാള്‍. ഒരു ദുര്‍ബല നിമിഷത്തില്‍ ജീവിതംമടുത്തു എന്ന് കരുതിപ്പോയി.  ഒടുവില്‍ അതേ ആശുപത്രി പരിസരത്ത് ഈ 38 കാരന്‍ പെയിന്റിംഗ് തൊഴിലാളി ഒരു മുഴം കയറില്‍  ജീവനൊടുക്കി. രണ്ടാമത്തെ മകള്‍ പ്രസവത്തിനിടെ മരിച്ചത് ആദ്യ ആഘാതം; എല്ലാ പ്രതീക്ഷയുമായിരുന്ന മൂത്ത മകള്‍ അപൂര്‍വ രോഗത്തിന്റെയും പിടിയിലും; സ്വപ്നങ്ങള്‍ തകരുന്നത് കണ്ടപ്പോള്‍ ബന്ധുക്കളോട് പറഞ്ഞത് മകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ താന്‍ ജീവച്ചിരിക്കില്ലെന്ന്;

ക്ഷേത്രത്തിലെ ഉത്സവത്തിന്നിടെ ചെണ്ടമേളപ്പെരുക്കത്തിനൊപ്പം സ്വയം അറിയാതെ ചുവട് വെയ്ക്കുന്ന മകള്‍ ദേവു സോഷ്യല്‍ മീഡിയയില്‍ താരമായിരുന്നു. ചാനല്‍ പരിപാടിയില്‍ പങ്കെടുത്തതോടെ ദേവു എല്ലാവര്‍ക്കും സുപരിചിതയുമായി. ഇതെല്ലാം ചന്ദ്രബാബുവിനെ ഏറെ സന്തോഷിപ്പിച്ചിരുന്നു. ചന്ദ്രബാബുവിന്റെ രണ്ടാമത്തെ മകള്‍ പ്രസവത്തിന്നിടെ മരിച്ചു.  ഇതോടെ ആദ്യ മകളോട് ചന്ദ്രബാബു ഏറെ അടുത്തിരുന്നു. മകള്‍ക്ക് വന്ന അപൂര്‍വ രോഗം മറ്റൊരു ദുരന്തമായാണ് അച്ഛന്‍ കണ്ടത്. ദേവു ജീവിതത്തിനും മരണത്തിനും ഇടയില്‍ കഴിയുമ്പോള്‍ മകള്‍ മരിക്കുമെന്ന് ചന്ദ്രബാബു ഭയന്നിരുന്നു. ഇതിനെ തുടര്‍ന്ന് മാനസിക വിഷമത്തിലായിരുന്നു ചന്ദ്രബാബു. മരണത്തെ സ്വയം വരിക്കുന്നതിന് മുമ്പ്, അന്നു രാത്രി വെന്റിലേറ്ററില്‍ അനക്കമില്ലാതെ കിടക്കുന്ന മകളെ കയറി കണ്ടു. ആ കാഴ്ച അച്ഛനെ തകര്‍ത്തിരുന്നു. ഇതിനു ശേഷമാണ് ചന്ദ്രബാബുവിനെ എസ്എടി ആശുപത്രി വളപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്.
ആകെയുള്ള മകള്‍ ഏതു നിമിഷവും മരിക്കാന്‍ സാധ്യത. അതിന്നിടയില്‍ ദുരന്തമായി ഭര്‍ത്താവിന്റെ ആത്മാഹുതിയും. വല്ലാത്ത ചുഴിയിലാണ് രജിത  പെട്ടിരിക്കുന്നത്. നൂറനാട് സി.ബി.എം.എച്ച്.എസ്.എസ്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ദേവു. അപൂര്‍വ രോഗം വന്നപ്പോള്‍ സാമ്പത്തികമായ പിന്നോക്കാവസ്ഥ അറിഞ്ഞ്  നിരവധി പേര്‍ സഹായഹസ്തവുമായി എത്തിയിരുന്നു. ലക്ഷങ്ങള്‍ ചെലവു വരുന്ന ചികിത്സയായിരുന്നു ദേവുവിന് വേണ്ടിയിരുന്നത്. ദേവുവിനായി സുമനസുകളുടെ സഹായങ്ങള്‍ എത്തിയിരുന്നു. പിന്നെന്തേ ചന്ദ്രബാബുവിന് ഇങ്ങനെതോന്നാന്‍. ദൈവത്തിന്റെ ചിലവികൃതികള്‍ ചിലപ്പോള്‍ സഹിക്കാവുന്നതിലും അപ്പുറമായിരിക്കും.

Related Articles

Back to top button