IndiaKeralaLatestThiruvananthapuram

ഇന്ത്യയുടെ കോ വാക്‌സിന്‍ സുരക്ഷിതം; ആദ്യഘട്ട ക്ലിനിക്കല്‍ പരിശോധനയില്‍ പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലെന്ന് ദല്‍ഹി എയിംസ്

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ സുരക്ഷിതമെന്ന് കണ്ടെത്തിയതായി അധികൃതര്‍. പ്രാരംഭഘട്ടത്തിനൊടുവില്‍ പരീക്ഷണത്തില്‍ പങ്കെടുത്തവരില്‍ വിപരീതഫലമൊന്നും കാണപ്പെട്ടില്ലെന്നും വാക്‌സിന്‍ സുരക്ഷിതമാണെന്നും സൂക്ഷ്മപരിശോധനാ വിഭാഗത്തിന്റെ മേധാവി സവിതാ വര്‍മ്മ പറഞ്ഞു.

ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി 375 വോളണ്ടിയര്‍മാരിലാണ് വാക്‌സിന്‍ പരീക്ഷിക്കുന്നത്. ഓരോരുത്തര്‍ക്കും രണ്ട് ഡോസ് മരുന്നാണ് നല്‍കുന്നത്. ആദ്യ ഡോസ് നല്‍കിയതിന് ശേഷമുള്ള റിപ്പോര്‍ട്ടുകളില്‍ മരുന്ന് സുരക്ഷിതമാണെന്ന് കണ്ടെത്തിയെന്നും അടുത്ത ഡോസ് നല്‍കിയതിന് ശേഷം എത്രത്തോളം ഫലപ്രദമാണെന്ന് അറിയാന്‍ കഴിയുമെന്നും സവിതാ വര്‍മ്മ പറഞ്ഞു. ഇതിനായി വോളണ്ടിയര്‍മാരുടെ സാംപിളുകള്‍ ശേഖരിച്ചുതുടങ്ങിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മരുന്നിന്റെ രണ്ടാമത്തെ ഡോസ് നല്‍കുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇതുവരെ അസാധാരണമായി ഒന്നും ഉണ്ടായിട്ടില്ലെന്നും സവിതാ വര്‍മ്മ പറഞ്ഞു. 12 സംസ്ഥാനങ്ങളിലെയും സുരക്ഷാ വിവരങ്ങള്‍ ലഭിച്ചയുടന്‍ രണ്ടാം ഘട്ട പരീക്ഷണത്തിനായി അനുമതി വാങ്ങുമെന്നും അധികൃതര്‍ പറഞ്ഞു. എല്ലാം കൃത്യമായി മുന്നോട്ടുപോയാല്‍ അടുത്ത വര്‍ഷം പകുതിയോടെ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഭാരത് ബയോടെക്ക് അധികൃതര്‍ പറഞ്ഞു.

സ്വയം സന്നദ്ധരായ ഒരു കൂട്ടം ആളുകളിലാണ് പരീക്ഷണം നടത്തുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനിയും എസിഎംആറും (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌) എന്‍ഐവിയും (നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട്) സംയുക്തമായാണ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. മൂന്ന് ഘട്ടമായാണ് പരീക്ഷണം നടത്തുക. മുമ്പ് എലികളിലും മുയലിലും നടത്തിയ പരീക്ഷണം വിജയിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഐസിഎംആറിന്റെ അനുമതി ലഭിച്ചത്.

Related Articles

Back to top button