KeralaLatestThiruvananthapuram

റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ മനംനൊന്താണ് മകന്‍ മരിച്ചത് – അനുവിന്റെ പിതാവ്

“Manju”

സിന്ധുമോള്‍ ആര്‍

പി.എസ്.സി ലിസ്റ്റ് റദ്ദാക്കിയതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവാവിന്റെ പിതാവ് സര്‍ക്കാര്‍ ജോലി ലഭിക്കുക എന്നത് മകന്റെ വലിയ ആ​ഗ്രഹമായിരുന്നുവെന്ന് തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത അനുവിന്റെ പിതാവ്. മൂന്നു മാസത്തിനുള്ളില്‍ കാക്കിയിട്ട് വരുമെന്ന് മകന്‍ പറഞ്ഞിരുന്നു. റാങ്ക് ലിസ്റ്റ് റദ്ദായപ്പോള്‍ ആ മനപ്രയാസത്തില്‍ ആഹാരം കഴിക്കുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല. ഇത്രയും പഠിച്ചിട്ടും ജോലി കിട്ടിയില്ലല്ലോ എന്ന സങ്കടം മകന്‍ പറയുമായിരുന്നുവെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ജോലി ഇല്ലായ്മ തന്നെ ബുദ്ധിമുട്ടിലാക്കുന്നുവെന്നും ആരുടെ മുന്‍പിലും ചിരിച്ച്‌ അഭിനയിക്കാന്‍ വയ്യെന്നും കുറിപ്പ് എഴുതി വെച്ച ശേഷമാണ് പിഎസ്‌സി റാങ്ക് ജേതാവായ തിരുവനന്തപുരം കാരക്കോണം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു (28) ആത്മഹത്യ ചെയ്തത്. രാവിലെ സഹോദരനാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ അനുവിനെ കണ്ടെത്തിയത്. സിവില്‍ എക്സൈസ് ഓഫിസര്‍ പരീക്ഷയില്‍ 77-ാം റാങ്കുകാരനായിരുന്ന അനു എംകോം ബിരുദധാരിയാണ്. ഈ ലിസ്​റ്റ് അടുത്തിടെ​ പിഎസ്‌സി റദ്ദാക്കിയിരുന്നു. ഇതില്‍ മനംനൊന്താണ്​ ആത്മഹത്യയെന്നാണ് പിതാവ് അടക്കമുളള ബന്ധുക്കള്‍ പറയുന്നത്.
പിഎസ്‌എസിയുടെ സിവില്‍ എക്സൈസ് ഓഫിസര്‍ റാങ്ക് പട്ടികയ്ക്ക് ഒരു വര്‍ഷത്തെ കാലാവധിയാണ് ഉണ്ടായിരുന്നത്. രാത്രി വൈകിയോളം പഠിച്ച്‌ റാങ്ക് ലിസ്റ്റില്‍ വന്നിട്ടും സര്‍ക്കാര്‍ ജോലി ലഭിക്കാത്തത് അനുവിനെ വിഷമത്തിലാക്കിയിരുന്നുവെന്ന് അച്ഛന്‍ പറഞ്ഞു. ഇലക്‌ട്രിക്കല്‍ ജോലികള്‍ ചെയ്തിരുന്ന അനു നേരത്തെ പൊലീസ് ലിസ്റ്റില്‍ വന്നിരുന്നെങ്കിലും കായികക്ഷമത പരീക്ഷ മറികടക്കാനായില്ല.
അതേസമയം റാങ്ക് ലിസ്റ്റ് ജൂണ്‍ 19 വരെ നീട്ടി നല്‍കിയിരുന്നതാണെന്ന് പിഎസ്‌എസി വിശദീകരിച്ചു. 2020 ഏപ്രില്‍ ഏഴാം തീയതി കാലാവധി അവസാനിക്കേണ്ട റാങ്ക് ലിസ്റ്റ് 2020 ജൂണ്‍ 19 വരെ നീട്ടി നല്‍കിയതാണ്. സിവില്‍ എക്സൈസ് ഓഫിസര്‍ റാങ്ക് ലിസ്റ്റിലെ 72 പേര്‍ക്ക് അഡ്വൈസ് മെമ്മോ നല്‍കിയിരുന്നു. ഓപ്പണ്‍ വിഭാ​ഗത്തില്‍ 68 പേര്‍ക്ക് നിയമനം നല്‍കി. യൂണിഫോം തസ്തികയിലേക്കുള്ള റാങ്ക് പട്ടിക ഒരു വര്‍ഷത്തില്‍ കൂടുതല്‍ ദീര്‍ഘിപ്പിക്കാറില്ല. എന്നാല്‍, കൊവിഡ് സാഹചര്യത്തിലാണ് രണ്ടു മാസം കൂടി ദീര്‍ഘിപ്പിച്ചതെന്നുമാണ് പിഎസ്‌എസി അധികൃതര്‍ വിശദീകരിച്ചത്.

Related Articles

Back to top button