IndiaLatest

കങ്കണ റണൗത്തിന് ‘വൈ പ്ലസ് ’ കാവൽ

“Manju”

മുംബൈ • വിവാദങ്ങൾക്കൊടുവിൽ നടി കങ്കണ റനൗട്ടിന് വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം. സിആർപിഎഫിന്റെ 10 സായുധ കമാൻഡോകൾ ഇനി 24 മണിക്കൂറും നടിക്ക് അകമ്പടിയേകും. സിആർപിഎഫ് കമാൻഡോകളുടെ സുരക്ഷ ലഭിക്കുന്ന ആദ്യത്തെ ബോളിവുഡ് താരമാകും കങ്കണ റനൗട്ട്. നിലവിൽ മഹാരാഷ്ട്ര പൊലീസോ സ്വകാര്യ സുരക്ഷാ ഏജൻസികളോ ആണ് സൂപ്പർ താരങ്ങൾ അടക്കമുള്ളവർക്ക് ഒപ്പമുള്ളത്.

മുംബൈ പൊലീസിൽ അവിശ്വാസം പ്രഖ്യാപിച്ച് മഹാരാഷ്ട്രയിൽ ശിവസേനയുടെയും മറ്റു ഭരണപക്ഷ പാർട്ടികളുടെയും കണ്ണിലെ കരടായി മാറിയതിനു പിന്നാലെയാണു നടിക്കു വേണ്ടി കേന്ദ്രഇടപെടൽ. സ്വന്തം നാടായ ഹിമാചൽപ്രദേശിൽ നിന്നു നടി നാളെ മുംബൈയിലെത്തും. സുരക്ഷ ഏർപ്പെടുത്തിയതിന്‌‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു നന്ദി പറഞ്ഞ കങ്കണ, ഒരു ദേശാഭിമാനിയെയും ആർക്കും അടിച്ചമർത്താനാകില്ലെന്നും അഭിപ്രായപ്പെട്ടു.

ബോളിവുഡിലെ ലഹരി മാഫിയയെക്കുറിച്ചു തുറന്നുപറയാൻ തയാറാണെന്നും എന്നാൽ അതിനു സുരക്ഷ വേണമെന്നും കങ്കണ ഏതാനും ദിവസം മുൻപു പറഞ്ഞിരുന്നു. പിന്നീട്, മുംബൈ ഇപ്പോൾ പാക്ക് അധിനിവേശ കശ്മീർ പോലെയാണെന്നും മുംബൈ പൊലീസിൽ വിശ്വാസമില്ലെന്നും ആരോപിച്ചു. തുടർന്ന്, ശിവസേനാ എംപി സഞ്ജയ് റാവുത്ത് കങ്കണയോടു മുംബൈയിലേക്കു വരേണ്ടതില്ലെന്നു പറഞ്ഞതോടെ വിവാദം കൊഴുത്തു.

മഹാരാഷ്ട്രയെ അവഹേളിച്ച കങ്കണ റനൗട്ടിന് എതിരെ നിയമനടപടിയെടുക്കാൻ നിയമസഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന എംഎൽഎ പ്രതാപ് സർനായിക്ക് ഡപ്യൂട്ടി സ്പീക്കർക്ക് കത്തുനൽകി. തുടർച്ചയായ ട്വീറ്റുകളിൽ മുംബൈയെയും മഹാരാഷ്ട്രയെയും താറടിക്കുകയാണ് നടിയെന്ന് കത്തിൽ ആരോപിച്ചു. സഭയെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും നടിക്കെതിരെ ഒളിയമ്പെയ്തു. ഉപജീവനമാർഗം നൽകിയ നഗരത്തോടു ചിലർക്കു നന്ദിയില്ലെന്നായിരുന്നു പരാമർശം.

Related Articles

Back to top button