IndiaLatest

സാഹോദര്യത്തിന്റെ സന്ദേശമുയർത്തി ശാന്തിഗിരിയിൽ ഈദ് സുഹൃദ് സംഗമം

“Manju”

 

പോത്തന്‍കോട് : ജാതി മത വർണ്ണ വർഗ്ഗ വ്യത്യാസങ്ങളുടെ അതിർവരമ്പുകൾക്ക്‌ അപ്പുറം നിന്ന് കൊണ്ട് സാഹോദര്യത്തിന്റെയും സൌഹാര്‍ദ്ദത്തിന്റെയും കണ്ണികള്‍ വിളക്കിചേര്‍ത്ത് ശാന്തിഗിരി ആശ്രമത്തിൽ ഈദ് സൗഹൃദ സംഗമം നടന്നു. സമൂഹത്തിൽ സ്നേഹത്തിനും മതമൈത്രിക്കുമാണ് സ്ഥാനം എന്ന് ഒരിക്കൽക്കൂടി ഊട്ടിയുറപ്പിക്കുന്നതായിരുന്നു കേരള മുസ്ലീംജമാ അത്ത് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഈദ് സുഹൃദ് സംഗമം. മതസൗഹാര്‍ദ്ദത്തിനും മതേതരത്വത്തിനും മുൻതൂക്കം നല്‍കി പ്രവര്‍ത്തിക്കുന്ന ശാന്തിഗിരിയിൽ നടന്ന ഈദ് കൂട്ടായ്മ നന്മയുടെ മറ്റൊരു സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി മന്ത്രി. ജി.ആര്‍.അനില്‍ പറഞ്ഞു. സി.പി.ഐ. കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഈദ് സംഗമത്തിന്റെ സന്ദേശസൂചകമായി വിശുദ്ധ ഖുറാന്റെ മലയാളം പരിഭാഷ സീറോ മലങ്കര സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവയും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും മലങ്കര ഓര്‍ത്തഡോക്സ് സഭ ബിഷപ്പ് ഡോ.ഗബ്രിയേല്‍ മാര്‍ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയും പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവിയും ചേര്‍ന്ന് മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. മതത്തിന്റെയും സമുദായത്തിന്റെയും പേരിലല്ല, ഒരേ സംസ്കാരത്തിന്റെ മക്കളായ നമ്മൾ ഭാരതീയരെന്ന നിലയിലാണ് അഭിമാനം കൊള്ളേണ്ടതെന്ന് ഉദ്ഘാടനം പ്രസംഗത്തില്‍ കർദ്ദിനാൾ ക്ലിമിസ് തിരുമേനി പറഞ്ഞു. ത്യാഗത്തിന്റെയും ദൈവീക സമര്‍പ്പണത്തിന്റെയും ഓര്‍മ്മയാണ് ഓരോ ബലി പെരുന്നാളും നമുക്ക് നല്‍കുന്നതെന്നും എല്ലാമനുഷ്യരേയും സഹോദരങ്ങളായി കാണുവാനുള്ള മനസ്സാണ് നബിതിരുമേനി നമുക്ക് പകർന്നു തന്നതെന്നും ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു. പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി ഈദ് സന്ദേശം നല്‍കി. ഈദ് സംഗമങ്ങൾ ഒരുമയുടേയും സൗഹൃദത്തിന്റെയും ഇടമായി മാറുമ്പോൾ സ്നേഹത്തിന്റെ സന്ദേശമാണ് മാനവലോകത്ത് വിളംബരം ചെയ്യപ്പെടുന്നതെന്ന് ഡോ.ഗബ്രിയേൽ മാർഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു.

ഡി.കെ. മുരളി എം.എല്‍.എ, മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, കിംസ് ഹെൽത്ത് എക്സിക്യുട്ടീവ് ഡയറക്ടർ ഇ. എം. നജീബ്, കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ, സംസ്ഥാനനിര്‍മ്മിതി കേന്ദ്രം ഡയറക്ടര്‍ ഡോ. ഫെബി വര്‍ഗ്ഗീസ്, തിരുവനന്തപുരം നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസിസ്, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍. അനില്‍ കുമാര്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്ഥാപക ചെയര്‍മാന്‍ ഇ.എ. ഹക്കീം, മുസ്ലീം അസോസിയേഷൻ പ്രസിഡന്റ് നാസര്‍ കടയറ, കേരള മുസ്ലീം ജമാഅത്ത് കൗണ്‍സില്‍ ജില്ല പ്രസിഡന്റ് കെ.എച്ച്.എം. അഷറഫ്, പെര്‍ഫക്ട് ഗ്രൂപ്പ് ചെയര്‍മാൻ അഡ്വ.എം.എ. സിറാജുദ്ദീൻ, ചെറുവല്ലി ജുമാമസ്ജിദ് ഇമാം ജനാബ് വൈ.മുഹമ്മദ് യാസിര്‍ മന്നാനി, ഡി.സി.സി. തിരുവനന്തപുരം വൈസ് പ്രസിഡന്റ് അഡ്വ. എം. മുനീര്‍, സി.പി.ഐ.(എം.) വെഞ്ഞാറമ്മൂട് ഏരിയ സെക്രട്ടറി ഇ.എ. സലീം, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ അനില്‍കുമാര്‍ എം., ആര്‍.സഹീറത്ത് ബീവി., കോലിയക്കോട് മഹീന്ദ്രൻ, വെമ്പായം ഗ്രാമപഞ്ചായത്ത് മെമ്പര്‍ നസീര്‍ എം. പള്ളിനട, മുഹമ്മദ് ബഷീര്‍, എ.എം. റാഫി, ഷോഫി കെ., എം.ഐ. ഷുക്കൂര്‍, അഡ്വ. എ.എസ്. അനസ്, കെ.കിരണ്‍ദാസ്, പൂലന്തറ റ്റി. മണികണ്ഠൻ, അബ്ദുള്‍ മജീദ്, നാഷണല്‍ ലാബ് എം.ഡി. നവാസ് കെ.എസ്., എം.ബി. സൈനലബ്ദ്ദീൻ, അബ്ദുള്‍ നാസര്‍.എസ്.‍, നജീദ്. എസ്., ഡോ.നജീബ്. എസ്., സജിത് നാസര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ള ജനപ്രതിനിധികളും സാമൂഹ്യപ്രവർത്തകരും മാധ്യമപ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. സംസാരിച്ചു. ജമാ അത്ത് കൗണ്‍സില്‍ ജില്ലസെക്രട്ടറി ജെ അനസുല്‍ റഹ്മാന്‍ നന്ദി രേഖപ്പെടുത്തി. ഈദ് സംഗമത്തിനെത്തിയവർക്ക് വൈകുന്നേരത്തെ നമ്സകാരത്തിനുള്ള സൗകര്യവും ആശ്രമത്തിൽ ഒരുക്കിയിരുന്നു. പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി നമസ്കാരത്തിന് നേതൃത്വം നൽകി.

Related Articles

Back to top button