KeralaKottayamLatest

മത്സരരംഗത്ത് മക്കൾ : അമ്മയുടെ വോട്ട് ആർക്ക്?

“Manju”

കോട്ടയം :അമ്മ ആർക്കു വോട്ട് തരുമെന്നുള്ള സജാതിന്റെയും ജെനീഷിന്റെയും ചോദ്യത്തിനു മുന്നിൽ മാങ്ങാനം കിഴക്കേക്കര വീട്ടിൽ സരസുവിന്റെ മറുപടി ചിരിയായിരുന്നു. അനുഗ്രഹം തേടിയെത്തിയ മക്കളോട് രണ്ടുപേരും ജയിച്ചുവരാനാണ് അമ്മ ആശംസയേകിയത്. വിജയപുരം പഞ്ചായത്തിലെ ആശ്രമം വാർഡിൽ ( 11) യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികളായി ഏറ്റുമുട്ടുന്നത് സഹോദരങ്ങളാണ്.

ദിവംഗതനായ കൃഷ്ണൻകുട്ടിയുടെയും റിട്ട. ബിഎസ്എൻഎൽ ഉദ്യോഗസ്ഥയായ സരസുവിന്റെയും മക്കൾ. കോൺഗ്രസ് സ്ഥാനാർഥിയായി എസ്. സജാതും (44) സിപിഎം സ്ഥാനാർഥിയായി ജെ. ജെനീഷും (സതീഷ് -42). ഇരുവരും ചെറുപ്പം മുതൽ രണ്ടു പാർട്ടികളിലാണ്. ആദ്യമായിട്ടാണ് തിരഞ്ഞെടുപ്പ് രംഗത്ത്. ഇളയ മകനായ ജെനീഷാണ് അമ്മയ്ക്കൊപ്പം കുടുംബ വീട്ടിൽ താമസം.

സജാത് വേറെ വീടുവച്ചു താമസിക്കുന്നു. ബസേലിയസ് കോളജിലും ഏറ്റുമാനൂർ ഐടിഐയിലും കെഎസ്‌യു പ്രവർത്തകനായിരുന്നു സജാത്. കാഞ്ഞങ്ങാട് നിത്യാനന്ദാ പോളിടെക്നിക്കിൽ കെഎസ്‌യു പാനലിൽ കൗൺസിലറായി. ബിഎസ്എൻഎൽ കേബിൾ വർക്കേഴ്സ് യൂണിയൻ(ഐഎൻടിയുസി) ഭാരവാഹിയുമായിരുന്നു.

പിന്നീടു യൂത്ത് കോൺഗ്രസിൽ സജീവമായി. 2005 മുതൽ 2 സുഹൃത്തുക്കൾക്ക് ഒപ്പം ബിസിനസ് ചെയ്യുന്നു. സീറ്റു കിട്ടിയ കാര്യം ആദ്യം അറിയിച്ചത് അമ്മയോടും ജെനീഷിനോടുമാണ്. ജെനീഷും ബസേലിയസ് കോളജിലെ പഠന കാലത്താണ് എസ്എഫ്ഐയിൽ എത്തിയത്. പിന്നീട് ഡിവൈഎഫ്ഐയിൽ പ്രവർത്തിച്ചു.

ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റായിരുന്നു. ഇന്ത്യ വുഡ് കമ്പനിയിൽ ജോലി ചെയ്യുമ്പോൾ സിഐടിയു ഭാരവാഹിയായി. അപ്രതീക്ഷിതമായാണ് പാർട്ടി മത്സരിക്കാൻ ആവശ്യപ്പെട്ടത്. ചേട്ടനാണ് എതിർ സ്ഥാനാർഥിയെന്ന് അറിഞ്ഞിരുന്നു. എന്നാൽ പാർട്ടി പറയുന്നത് അനുസരിക്കാൻ തീരുമാനിച്ചു, മത്സര രംഗത്തിറങ്ങി.– ജെനീഷ് പറയുന്നു.

‘അപൂർവമായി ലഭിക്കുന്ന അവസരം രണ്ടുപേരും ഉപയോഗിക്കാനാണ് രണ്ടു മക്കളോടും പറഞ്ഞത്. പാർട്ടി സ്ഥാനാർഥികളായി മത്സരിക്കുക യെന്നതു ഭാഗ്യമാണ്. രണ്ടു പേർക്കും അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്. ആരു ജയിച്ചാലും തോറ്റാലും ബന്ധവും സ്നേഹവും എന്നും നിലനിൽക്കണം. വോട്ട് എനിക്ക് ഇഷ്ടമുള്ള ആൾക്ക് ചെയ്യാൻ ഇരുവരും അനുവാദം നൽകിയിട്ടുണ്ട്. സജാതിന്റെയും ജെനീഷിന്റെയും അമ്മ പറയുന്നു .

Related Articles

Back to top button