IndiaLatestSports

ടെസ്റ്റ് വൈസ് ക്യാപ്റ്റൻ രോഹിത് ശര്‍മയ്ക്കു പരിക്ക്

“Manju”

മുംബൈ: സൗത്താഫ്രിക്കന്‍ പര്യടനത്തിനു മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു അപ്രതീക്ഷിത ഷോക്ക്. പുതിയ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനും ടെസ്റ്റിലെ പുതിയ വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയ്ക്കു പരിക്കേറ്റു.
മുംബൈയില്‍ നടന്ന പരിശീലന സെഷനിടെയാണ് ഹിറ്റ്മാന്റെ കൈയ്ക്കു പരിക്കേറ്റിരിക്കുന്നത്. ഇതു എത്രത്തോളം സാരമുള്ളതാണെന്നു വ്യക്തമല്ല. ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റായ രാഘവേന്ദ്രയെറിഞ്ഞ (രഘു) ബോള്‍ രോഹിത്തിന്റെ കൈയില്‍ കൊള്ളുകയായിരുന്നു. വേദന കൊണ്ടു പുളഞ്ഞ അദ്ദേഹം തുടര്‍ന്ന് പരിശീലനം മതിയാക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ബൗണ്‍സറില്‍ ഷോട്ടിനു ശ്രമിക്കവെയാണ് രോഹിത്തിനു പരിക്കേറ്റതെന്നാണ് വിവരം.
ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരാനിരിക്കുന്നതേയുള്ളൂ. പരിക്ക് അത്ര സാരമുള്ളതാവില്ലെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റും ആരാധകരും. ഇതാദ്യമായല്ല ത്രോ ഡൗണ്‍ സ്‌പെഷ്യലിസ്റ്റായ രഘുവിനെ നേരിടവെ ഒരു ഇന്ത്യന്‍ താരത്തിനു പരിക്കേല്‍ക്കുന്നവത്. 2016ല്‍ മുന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിങ്ക്യ രഹാനെയ്ക്കു രഘുവിനെതിരേ നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തവെ കൈവിരലിനു പൊട്ടലേറ്റിരുന്നു.
ഈ മാസം 26നാണ് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്ബരയ്ക്കു തുടക്കമാവുന്നത്. 16ന് ടീം സൗത്താഫ്രിക്കയിലേക്കു തിരിക്കുകയും ചെയ്യും. പരിക്ക് സാരമുള്ളതാണെങ്കില്‍ ഒരുപക്ഷെ ടെസ്റ്റില്‍ നിന്നും രോഹിത് വിട്ടുനിന്നേക്കും. അങ്ങനെ വന്നാല്‍ കെഎല്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്നായിരിക്കും ഇന്ത്യക്കു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. എന്നാല്‍ ആദ്യ ടെസ്റ്റിനു ഇനിയും രണ്ടാഴ്ച ശേഷിക്കുന്നതിനാല്‍ രോഹിത്തിനു പരിക്കില്‍ നിന്നും മോചിതനാവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മിന്നുന്ന ഫോമിലുള്ള രോഹിത്തിന് പുറത്തിരിക്കേണ്ടി വരികയാണെങ്കില്‍ അതു സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്ബരയില്‍ ഇന്ത്യക്കു വലിയ തിരിച്ചടിയായി മാറും. ഈ വര്‍ഷം ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സെടുത്തിട്ടുള്ള രണ്ടാമത്തെ താരം കൂടിയാണ് ഹിറ്റ്മാന്‍. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് മാത്രമേ അദ്ദേഹത്തിനു മുന്നിലുള്ളൂ. സൗത്താഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്ബര വിജമയമാണ് ഇത്തവണ ഇന്ത്യ ലക്ഷ്യമിടുന്നത്. അതിനു കഴിയണമെങ്കില്‍ ടീമിനു മികച്ച തുടക്കം ലഭിക്കേണ്ടത് പ്രധാനമാണ്. രോഹിത്തുണ്ടെങ്കില്‍ ഇന്ത്യക്കു അതിനു കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അവസാനമായി ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ നാലു ടെസ്റ്റുകളില്‍ നിന്നും 52ന് മുകളില്‍ ശരാശരിയില്‍ 368 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു. ഈ പരമ്ബരയില്‍ നിലനില്‍ ഇന്ത്യ 2-1ന് മുന്നിട്ടുനില്‍ക്കുകയാണ്. അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് കൊവിഡ് ഭീതിയെ തുടര്‍ന്ന് അടുത്ത വര്‍ഷത്തേക്കു മാറ്റി വച്ചിരിക്കുകയാണ്.
ഇന്ത്യന്‍ ടെസ്റ്റ് ടീം
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്.
ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനം
ആദ്യ ടെസ്റ്റ്: ഡിസംബര്‍ 26-30 (സെഞ്ചൂറിയന്‍)
രണ്ടാം ടെസ്റ്റ്: 2022 ജനുവരി 3-7 (ജൊഹാനസ്ബര്‍ഗ്)
മൂന്നാം ടെസ്റ്റ്: ജനുവരി 11-15 (കേപ്ടൗണ്‍)
ആദ്യ ഏകദിനം: 2022 ജനുവരി 19 (പാള്‍)
രണ്ടാം ഏകദിനം: 2022 ജനുവരി 21 (പാള്‍)
മൂന്നാം ഏകദിനം: 2022 ജനുവരി 23 (കേപ് ടൗണ്‍)

Related Articles

Back to top button