IndiaLatest

കര്‍ഷക സമരത്തിന് പിന്നില്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളുമെന്ന് ഹരിയാണ മുഖ്യമന്ത്രി

“Manju”

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങളുടെ ആനുകൂല്യങ്ങള്‍ വിശദീകരിക്കാനായി സംഘടിപ്പിച്ച ‘കിസാന്‍ മഹാപഞ്ചായത്ത്’ വേദിക്കുനേരെ നടന്ന ആക്രമണത്തില്‍ കര്‍ഷക യൂണിയന്‍ നേതാവിനെ കുറ്റപ്പെടുത്തി ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍. ഭാരതീയ കിസാന്‍ യൂണിയന്‍ അധ്യക്ഷന്‍ ഗുര്‍ണം ചാദുനിയാണ് ആക്രമണത്തിന് ഉത്തരവാദിയെന്ന് ഖട്ടാര്‍ പറഞ്ഞു.

മനോഹര്‍ ലാല്‍ ഖട്ടാര്‍ പങ്കെടുക്കുന്ന പരിപാടിയുടെ വേദിയാണ് കര്‍ഷക പ്രക്ഷോഭ അനുകൂലികള്‍ തകര്‍ത്തത്. ഹെലിപ്പാട് അടക്കം തകര്‍ത്തിരുന്നു.ഇതേത്തുടര്‍ന്ന് ഖട്ടാറിന്റെ പരിപാടി റദ്ദാക്കുകയുണ്ടായി.

കര്‍ഷക സമരത്തിന് പിന്നില്‍ കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കും പ്രധാന പങ്കുണ്ട്. അത് തുറന്നുകാട്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യില്ല. അക്രമികള്‍ കര്‍ഷകരെ അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളതെന്നും ഖട്ടാര്‍ കൂട്ടിച്ചേര്‍ത്തു.

‘ഇന്നത്തെ സംഭവം ജനങ്ങള്‍ക്ക് ഒരു സന്ദേശം നല്‍കി. അത് ഞാന്‍ തുറന്ന് കാട്ടാന്‍ ഉദ്ദേശിച്ചതിനേക്കാള്‍ വലുതാണ്. കര്‍ഷകന് വിദ്യാഭ്യാസം കുറവായിരിക്കാം എന്നാലും അവന്‍ വിവേകിയാണ്. അഭിപ്രായം പറയുന്നവരെ തടയാന്‍ ശ്രമിക്കുന്നത് ശരിയല്ല’ ഖട്ടാര്‍ പറഞ്ഞു.

കര്‍ഷക പ്രക്ഷോഭകരുമായി ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം സംസാരിച്ചതാണ്. പ്രതീകാത്മക സമരം നടത്താന്‍ അവര്‍ക്ക് സമ്മതം നല്‍കിയതുമാണ്. ആ വിശ്വാസത്തിലാണ് ഒരുക്കങ്ങള്‍ നടത്തിയത്. അയ്യായിരത്തിലധികം പേര്‍ ഇന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തെങ്കിലും ചിലര്‍ വാഗ്ദ്ധാനം പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്നും ഖട്ടാര്‍ പറഞ്ഞു.

Related Articles

Back to top button