IndiaLatest

ചാണക പെയിന്റ് പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍, ആദ്യം ഉപയോഗിക്കുക സര്‍ക്കാരോഫീസുകളില്‍

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി : പായലിനെയും പൂപ്പലിനേയും പ്രതിരോധിക്കുന്ന പെയിന്റ് ചാണകത്തില്‍ നിന്നും നിര്‍മ്മിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. പൂര്‍ണ്ണമായും തദ്ദേശിയമായി നിര്‍മ്മിച്ചിരിക്കുന്ന ചാണകപെയിന്റ് പുറത്തിറത്തിയിരിക്കുന്നത് കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസാണ്. ഖാദി പ്രാകൃതിക് പെയിന്റ് എന്ന പേരില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ചാണകം അടിസ്ഥാനമാക്കിയ പെയിന്റ് ഔദ്യോഗികമായി പുറത്തിറക്കിയത്. ഫംഗസിനേയും ബാക്ടീരിയയേയും പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.

തദ്ദേശീയമായ കണ്ടുപിടിത്തങ്ങള്‍ ശക്തിപ്പെടുത്താനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും ഉദ്ദേശിച്ചു കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ചാണകപെയിന്റ് പുറത്തിറക്കുന്നതെന്ന് ഗഡ്കരി വ്യക്തമാക്കി. പ്രധാന്മന്ത്രി ആവാസ് യോജന വഴി നിര്‍മ്മിക്കുന്ന വീടുകള്‍ക്കും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും ഈ പെയിന്റ് ഉപയോഗിക്കാനുള്ള നടപടികള്‍ ഉണ്ടാകും. ആറായിരം കോടി രൂപയുടെ മാര്‍ക്കറ്റ് ഷെയര്‍ നേടാനുള്ള സാദ്ധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെയിന്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുമെന്നും വേണ്ട രീതിയിലുള്ള പരസ്യങ്ങള്‍ നല്‍കുമെന്നും ഗഡ്കരി പറഞ്ഞു

ചാണക പെയിന്റിന് അസഹ്യമായ മണമില്ലെന്ന് മാത്രമല്ല ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുമുണ്ട്. നിലവില്‍ വിപണിയില്‍ ലഭ്യമായ പെയിന്റുകളേക്കാള്‍ പകുതി വിലമാത്രമേ ചാണകപെയിന്റിനുള്ളു. ഒരു ലിറ്ററിന് 120 രൂപ മാത്രം. ഒരു ലിറ്റര്‍ എമല്‍ഷന് 225 രൂപയും.വീടിനകത്തും പുറത്തും ഉപയോഗിക്കാവുന്ന പെയിന്റ് നാലു മണിക്കൂര്‍ കൊണ്ട് ഉണങ്ങും. വെള്ള നിറത്തിലുള്ള പെയിന്റില്‍ വേണ്ട നിറങ്ങള്‍ ചേര്‍ത്ത് വിവിധ നിറങ്ങളുള്ള പെയിന്റ് ആക്കി മാറ്റാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെയിന്റ് നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കുമെന്നും പെയിന്റ് പുറത്തിറക്കിക്കൊണ്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

Related Articles

Back to top button