IndiaLatest

റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണ സാധ്യത

“Manju”

ഖാലിസ്താൻ, അൽഖായ്ദ ഭീകരരുടെ ചിത്രങ്ങൾ പൊതുസ്ഥലങ്ങളിൽ പതിപ്പിച്ചു

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പോലീസ്. ഇതിന്റെ ഭാഗമായി ഖാലിസ്താൻ, അൽഖായ്ദ ഭീകരരുടെ ചിത്രങ്ങൾ പോലീസ് പൊതുസ്ഥലങ്ങളിൽ പതിപ്പിച്ചു. ഭീകരാക്രമണത്തിന് സാധ്യയുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പോലീസിന്റെ നടപടി.

ഖാലിസ്താൻ- അൽഖായ്ദ ഭീകരരാണ് ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരിക്കുന്നതെന്നാണ് പോലീസിന് ലഭിച്ച രഹസ്യവിവരമെന്ന് എസിപി സിദ്ധാർത്ഥ് ജെയ്ൻ അറിയിച്ചു. വേണ്ട സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൽഹിയിൽ പട്രോളിംഗും വർധിപ്പിച്ചിട്ടുണ്ട്. തിരക്കേറിയ മാർക്കറ്റുകളിലും മറ്റ് റെസിഡന്റ് വെൽഫെയർ അസോസിയേഷനുകളിലും സുരക്ഷ ശക്തമാക്കി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാകും പരേഡ് ഉൾപ്പെടെയുള്ള റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ നടത്തുക. സാധാരണയായി 1.5 ലക്ഷം ആളുകൾക്ക് രാജ്പത്തിലേക്ക് പ്രവേശനം ലഭിച്ചിരുന്നു.

എന്നാൽ ഇത്തവണ 25,000 പേർക്ക് മാത്രമാകും ആഘോഷങ്ങളിൽ പങ്കെടുക്കാൻ രാജ്പത്തിലേക്ക് പ്രവേശനം ഉണ്ടാകുക. 15 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം അനുവദിക്കില്ല. വെരിഫിക്കേഷൻ നടപടികൾക്കായി ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ നിർബന്ധമാക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കണമെന്നും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Back to top button