IndiaKeralaLatest

ഒരു വൈറൽ സല്യൂട്ടിന്റെ കഥ…!

“Manju”

ഡല്‍ഹി:  ഡ്യൂട്ടിക്കിടയിൽ മകളെ സല്യൂട്ട് ചെയ്യുന്ന അച്ഛന്റെ ചിത്രം അതിവേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ആന്ധ്രയിലെ ഗുണ്ടൂർ സ്വദേശിയായ ശ്യാം സുന്ദറും ഡിഎസ്പി ആയ മകൾ ജെസിയുമായിരുന്നു ആ ചിത്രത്തിൽ ഉണ്ടായിരുന്നത്. ആ ചിത്രത്തിന് പിന്നിലെ കഥ ഹ്യൂമൻസ് ഓഫ് ബോംബെ എന്ന പേജിലാണ് ജെസി പങ്കുവച്ചത്.
ജെസി ഡിഎസ്പി ആയുള്ള ഗുണ്ടൂർ ജില്ലയിൽ തന്നെ സിഐ ആണ് അച്ഛൻ ശ്യാം സുന്ദർ. അച്ഛനാണ് എന്നും തന്റെ വീരനായകനെന്ന് ജെസി പറയുന്നു. അച്ഛനൊപ്പം പട്രോളിങിന് പോയപ്പോഴാണ് കൂടെയുള്ള പൊലീസുകാർ സല്യൂട്ടടിക്കുന്നത് കണ്ടത്. എന്തിനാണ് അതെന്ന് മനസിലായില്ലെങ്കിലും അടുത്ത ദിവസം മുതൽ ജെസിയും സല്യൂട്ടടിക്കാൻ തുടങ്ങി.
‘വളർന്നപ്പോഴാണ് ജീവിതത്തിൽ അച്ഛൻ എടുത്ത റിസ്കുകൾ എനിക്കു മനസ്സിലായത്. തൊഴിലിനോടു നീതി പുലർത്താൻ പലകാര്യങ്ങളും അദ്ദേഹത്തിന് നഷ്ടപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. സ്വന്തം വീട്ടിലെത്തുന്നതിനു മുൻപ് ഒരു മേലുദ്യോഗസ്ഥൻ എന്ന നിലയിൽ തന്റെ സംഘത്തിലെ എല്ലാവരും സുരക്ഷിതമായി തങ്ങളുടെ വീടുകളിലെത്തിയോ എന്ന് എല്ലാ ദിവസവും അച്ഛൻ ഉറപ്പു വരുത്തിയിരുന്നു.
ജോലിയുടെ ഭാഗമായി ഉറക്കമില്ലാത്ത രാത്രികൾ അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. കുടുംബത്തോടൊപ്പം വിശേഷാവസരങ്ങളിൽ പലപ്പോഴും ഒരുമിച്ചിരിക്കാൻ സാധിക്കാറില്ല. പലപ്പോഴും ഭക്ഷണം സമയത്ത് കിട്ടിയിരിക്കില്ല. പക്ഷേ, അതെല്ലാം തന്റെ ജോലിയുടെയും ഉത്തരവാദിത്തങ്ങളുടെയും ഭാഗമാണന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
യാതൊരുവിധ സൗകര്യങ്ങളുമില്ലാത്ത സ്ഥലങ്ങളിൽ പോസ്റ്റിങ് ലഭിക്കാറുണ്ട്. വനമേഖലയിലായിരിക്കും പലതും. നെറ്റ്‌വർക്ക് പോലും ലഭ്യമല്ലാത്ത സ്ഥലങ്ങളായിരിക്കും അത്. എന്നാൽ അതിലൊന്നും അച്ഛന്‍ ഒരിക്കലെങ്കിലും പരാതി പറഞ്ഞിട്ടില്ല. ഇതെല്ലാം ജോലിയുടെ ഭാഗമാണെന്ന ഉത്തമ ബോധ്യത്തിൽ തന്റെ കർത്തവ്യങ്ങളിൽ അദ്ദേഹം വ്യാപൃതനാകും. മറ്റുള്ളവർക്കു വേണ്ടി നല്ലകാര്യങ്ങൾ ചെയ്യുക എന്നതാണ് അച്ഛന്റെ ജീവിത ലക്ഷ്യമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
വർഷങ്ങൾ കടന്നു പോയപ്പോൾ അദ്ദേഹം നയിച്ചിരുന്ന സംഘം എന്റേതു കൂടിയായി മാറി. വളർന്നപ്പോൾ മറ്റൊരു ജോലിയെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല. രണ്ടാമതൊന്നു ചിന്തിക്കുക പോലും ചെയ്യാതെ ഞാൻ സിവിൽ സർവീസ് തയ്യാറെടുപ്പുകൾ തുടങ്ങി.
അച്ഛനെ പോലെ ശരികളുടെ വഴിയിൽ സ‍ഞ്ചരിക്കുക എന്നതു തന്നെയാണ് ലക്ഷ്യം. കഠിന പരിശ്രമത്തിനൊടുവിൽ 2018ൽ ഞാൻ സിവിൽ സർവീസ് നേടിയെടുത്തു. ഡിഎസ്പിയായി ജോലിയിൽ പ്രവേശിച്ചു. എന്റെ അച്ഛൻ ഒരിക്കലും കരയുന്നത് ഞാൻ കണ്ടിട്ടില്ല. പക്ഷേ, ഞാൻ യൂണിഫോം ധരിച്ചു വന്നപ്പോൾ എനിക്കൊപ്പം അച്ഛന്റെയും കണ്ണുകൾ ഈറനണിഞ്ഞു. സഹപ്രവർത്തകരെല്ലാം അച്ഛനെ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് അളവറ്റ സന്തോഷവും അഭിമാനവും നിറഞ്ഞു.
പക്ഷേ, ഓഫിസറായി ചുമതലയേറ്റ് അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാൻ അവസരം ലഭിച്ച നിമിഷമായി എന്റെ വലിയ സന്തോഷം. അച്ഛൻ ആ സ്ഥലത്ത് എത്തിയപ്പോൾ ഞാൻ പട്രോളിങ്ങിലായിരുന്നു. അവിടെയെത്തിയ അച്ഛൻ എന്റെ സല്യൂട്ട് ചെയ്തു. ആ നിമിഷത്തെ കുറിച്ച് എന്തുപറയണമെന്ന് എനിക്കറിയില്ല. ആ നിമിഷത്തിലാണ് ഞാൻ ശരിക്കും പൊലീസ് ഓഫിസറായി മാറിയതെന്ന് എനിക്ക് തോന്നി. അല്ലെങ്കിൽ അങ്ങനെ വിശ്വസിക്കുന്നു’.

Related Articles

Back to top button