IndiaLatest

ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

“Manju”

ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളെ ആദ്യം സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. നഷ്ടത്തിലുള്ള സ്ഥാപനങ്ങളെ ആദ്യം സ്വകാര്യവത്കരിക്കുകയെന്ന നയം മാറ്റി. സ്വകാര്യവത്കരിക്കേണ്ട പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രഥമ പട്ടിക ഏപ്രില്‍ ആദ്യത്തോടെ പ്രഖ്യാപിച്ചേക്കും. നാല് തന്ത്രപ്രധാന മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒ‍ഴികെ മറ്റ് എല്ലാ പൊതുമേഖലാസ്ഥാപനങ്ങളും സ്വകാര്യവത്ക്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ തന്നെ ആദ്യം സ്വകാര്യവത്കരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ആദ്യം നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ലയിപ്പിക്കുകയോ സ്വകാര്യവത്കരിക്കുകയോ പൂട്ടുകയോ ചെയ്യുമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്‍റെ മുന്‍ നിലപാട്.
എന്നാല്‍ ഇതില്‍ മാറ്റം വരുത്തിയാണ് ലാഭത്തിലുള്ളവ തന്നെ ആദ്യം സ്വകാര്യവത്കരിക്കുമെന്ന സമീപനത്തിലേക്ക് കേന്ദ്രം മാറിയത്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ക‍ഴിഞ്ഞ ആറ് മാസമായി നീതി ആയോഗ് നടത്തിവരികയാണ്.

സ്വകാര്യവത്കരിക്കേണ്ട ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്. മൂന്നാ‍ഴ്ചയ്ക്കകം പട്ടികയ്ക്ക് അന്തിമ രൂപമാകും. ഏപ്രില്‍ ആദ്യ വാരത്തോടെ ഇത്തരം സ്ഥാപനങ്ങളുടെ മാത്രം പ്രത്യേക പട്ടിക പരസ്യപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഐഡിബിഐ ബാങ്ക്, എയര്‍ ഇന്ത്യ, ഭാരത് പെട്രോളിയം , പവന്‍ ഹാന്‍സ്, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ തുടങ്ങിയവയുടെ സ്വകാര്യവത്കരണത്തിന് കേന്ദ്ര മന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇവ ആദ്യ പട്ടികയില്‍ ഇടം നേടുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ലിസ്റ്റില്‍ ഇടം നേടുന്ന ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം 2022 സാമ്പത്തിക വര്‍ഷത്തോടെ പൂര്‍ത്തീകരിക്കുമെന്നാണ് നീതി ആയോഗ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

Related Articles

Back to top button