LatestThiruvananthapuram

അവനവഞ്ചേരി ഗവ. സിദ്ധ ഡിസ്പെൻസറിയിൽ ഔഷധസസ്യ തോട്ടത്തിന്റെ ഉദ്ഘാടനം എം.എൽ.എ നിർവ്വഹിച്ചു

“Manju”

ആറ്റിങ്ങൽ: സംസ്ഥാന സർക്കാരിന്റെ ഭാരതീയ ചികിൽസ വകുപ്പും ഹരിതകേരള മിഷനും നഗരസഭയും സംയുക്തമായി നടപ്പിലാക്കുന്ന ഔഷധസസ്യ തോട്ടത്തിന്റെ ഉദ്ഘാടനം എം.എൽ.എ ഒ.എസ്. അംബിക നിർവ്വഹിച്ചു. സിദ്ധ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ പട്ടണത്തിലെ ആരോഗ്യ മേഖലയിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഈ ഡിസ്പെൻസറിയെ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററായി ഉയർത്തി. ഇവിടെ വരുന്ന രോഗികൾക്ക് തോട്ടത്തിൽ സ്ഥാപിച്ചിട്ടുള്ള ഓരോ ഔഷധ ചെടികളും രോഗ നിർമ്മാർജ്ജനത്തിന് എപ്രകാരം പ്രയോജനപ്പെടുന്നു എന്നുള്ളതും സൂചനാ ഫലകങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രാചീന ചികിൽസാ സമ്പ്രദായത്തെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്താൻ സഹായിക്കും. 1983 ൽ ആരംഭിച്ച ഈ സിദ്ധ ആശുപത്രിയുടെ സേവനം 50 കിലോമീറ്റർ ചുറ്റളവിൽ ഉള്ള രോഗികൾക്ക് ആശ്രയമാണ്. ഫിസിയൊ തെറാപ്പി, വാതം, ത്വക്ക് സംബന്ധമായ രോഗങ്ങളുടെ ചികിൽസക്ക് പ്രതിദിനം നൂറിലധികം പേരാണ് ഇവിടെ എത്തുന്നത്. കൊവിഡ് പ്രതിരോധ മരുന്നും കൊവിഡാനന്തര ചികിൽസ ഔഷധങ്ങളും നിലവിൽ സിദ്ധരക്ഷാ സിസ്പെൻസറി മുഖേന ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നു. ജില്ലയിലെ തന്നെ പ്രധാനപ്പെട്ട ആരോഗ്യ ക്ഷേമകേന്ദ്രമായി മാറ്റിയതിലൂടെ നാട്ടുകാർക്ക് സൗജന്യ യോഗാ പരിശീലനവും ഇവിടെ ആരംഭിക്കും. ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ പ്രദേശികമായി ഭവന സന്ദർശനം നടത്തി ഹെൽത്ത് സർവ്വെകളും സംഘടിപ്പിക്കും. ഇത്തരം സർവ്വെയിലൂടെ ആശുപത്രിയിലെ ചികിൽസക്ക് ശേഷം വീട്ടിലെത്തുന്ന രോഗിയെ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തുകയും ആരോഗ്യ പ്രവർത്തകരുടെ ഭവന സന്ദർശനത്തിലൂടെ രോഗ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യും. കൂടാതെ 20 രോഗികളെ കിടത്തി ചികിൽസിക്കാനുള്ള സംവിധാനവും ആശുപത്രിയിൽ സജ്ജീകരിക്കും.

ആശുപത്രി അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അധ്യക്ഷതയും, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു സ്വാഗതവും പറഞ്ഞു. ജില്ലാ പോഗ്രാം മാനേജർ ഡോ.ഷൈജു പദ്ധതി വിശദീകരണം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഷീല മെബ്ലറ്റ്, സീനിയർ സിദ്ധ മെഡിക്കൽ ഓഫീസർ ഡോ.വി.ബി.വിജയകുമാർ, ഹരിതകേരള മിഷൻ ജില്ലാ കോഡിനേറ്റർ ഹുമയൂൺ, റിസോഴ്സ് പേഴ്സൺ എൻ.റസീന, എച്ച്.എം.സി അംഗം ജയചന്ദ്രൻ ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button